സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍കൂടി
25-APRIL-2020 _-ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച മുതൽ യാത്രാ വാഹനങ്ങൾക്ക് കർശന നിയന്ത്രണം._ _-കോട്ടയം ജില്ലയിലെ മൊത്തവ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം._ തിരുവനന്തപുരം: വർക്കല മുനിസിപ്പാലിറ്റി വീണ്ടും ഹോട്സ്പോട്ടായി. കോട്ടയം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, നെടുങ്കണ്ടം, ഏലപ്പാറ പഞ്ചായത്തുകളും ഹോട്സ്പോട്ട് പട്ടികയിൽ വന്നതോടെ ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗികളോ സമ്പർക്കമുള്ളവരോ ഇല്ലാത്തതിന്റെ പേരിൽ മേയ് മൂന്നുവരെ ഏതെങ്കിലും ജില്ലകളിൽ അധികം ഇളവുകൾ നൽകാൻ പച്ചമേഖല(ഗ്രീൻ സോൺ) ആക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ചുവപ്പുമേഖലയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച മുതൽവാഹന പരിശോധന ശക്തമാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉത്തരവിട്ടു. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ഇരട്ട അക്ക വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ. ഞായർ ദിവസം നിയന്ത്രണം ബാധകമല്ല.വാഹനങ്ങളിൽ കൊവിഡ് ചട്ടപ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള യാത്രക്കാർ മാത്രമേ പാടുള്ളുവെനന്നും സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കരുതണമെന്നും കളക്ടർ അറിയിച്ചു. അവശ്യവിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഏജൻസികൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു നിയന്ത്രണങ്ങൾ ബാധകമല്ല. ഇളവുകളുടെ പരിധിയിൽ വരുന്ന നിർമാണരംഗത്തെ ആവശ്യത്തിനായി ഓടുന്ന വാഹനങ്ങളെയും ചരക്കു വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വനിതകൾ, ഒറ്റയ്ക്കോ ആശ്രിതർക്കൊപ്പമോ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാർ, വനിതകൾ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കും നിയന്ത്രണം ബാധകമല്ല. കോട്ടയം ജില്ലയിലെ മൊത്തവ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം *മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച തീരുമാനങ്ങള്‍* ▪️കഴിഞ്ഞ ദിവസം അടപ്പിച്ച കോട്ടയം മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ▪️എല്ലാ മാര്‍ക്കറ്റുകളിലും പച്ചക്കറികള്‍ പുലര്‍ച്ചെ നാലു മുതലും പലവ്യഞ്ജനങ്ങള്‍ ആറു മുതലുമാണ് ഇറക്കേണ്ടത്. ▪️മാര്‍ക്കറ്റുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുറക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ▪️ലോഡ് ഇറക്കുന്നതിന് നിയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ▪️ലോറി തൊഴിലാളികളും കയറ്റിറക്ക് തൊഴിലാളികളും വ്യാപാരികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും വേണം. ▪️എല്ലാ കടകളിലും ലോറികളിലും സാനിറ്റൈസര്‍ കരുതുകയും തൊഴിലാളികള്‍ക്ക് ഉപയോഗിക്കാനായി നല്‍കുകയും വേണം. ഇതിന് കടയുടമകള്‍ നടപടി സ്വീകരിക്കണം. ▪️ലോറി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം പൊതിയായി കടയുടമകള്‍ ലഭ്യമാക്കണം. യാതൊരു കാരണവശാലും ലോറിത്തൊഴിലാളികള്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത്.ലോഡ് ഇറക്കികഴിഞ്ഞാലുടന്‍ ലോറികള്‍ മാര്‍ക്കറ്റുകളില്‍നിന്ന് പുറത്തുപോകണം. ▪️ലോറി തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സ്ഥലവും ശുചിമുറികളും ക്രമീകരിക്കുകയും ഓരോരുത്തരും ഉപയോഗിച്ച ശേഷം ഇവ അണുനശീകരണം നടത്തുകയും ചെയ്യണം.ശുചിമുറികളുടെ മുന്‍വശത്ത് വിവിധ ഭാഷകളില്‍ ശുചിത്വ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ▪️ തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ ബോധവത്കരണം ഊര്‍ജ്ജിതമാക്കും. ▪️ ജില്ലയില്‍ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ലോറികളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും. നഗരസഭകളിലെയും മുൻസിപ്പാലിറ്റികളിലെയും, രോഗബാധിതരുടെയും അവരുടെ സമ്പർക്ക പട്ടികയുടെയും അടിസ്ഥാനത്തിൽ വാർഡുകളെ പ്രത്യേകം ഹോട്ട് സ്‌പോട്ടുകളാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ട്.അത്തരത്തിൽ തിരുവനന്തപുരം നഗരസഭയിലെ കളിപ്പാംകുളം,അമ്പലത്തറ വാർഡുകളെ ജില്ലാ ഭരണകൂടം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
