ദേശീയം

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 46000 കടന്നു; 1843 പുതിയ രോഗികള്‍

📍 Mukkam, Kozhikode15 Jun 2020

ചെന്നൈ: തമിഴ്നാട്ടിൽ തിങ്കളാഴ്ച പുതിയതായി 1843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 44 പേരാണ് ഇന്ന് രോഗം ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശരാജ്യങ്ങളിൽ നിന്നും 41 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. രോഗം ബാധിച്ച് രണ്ട് തമിഴ്നാട് സ്വദേശികൾ മറ്റ് സംസ്ഥാനങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 46,504 ആയി. 479 പേരാണ് ഇതുവരെ മരണപ്പെട്ടത്. 20678 പേർ ചികിത്സയിൽ തുടരുന്നു. 25,344 പേർ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് കേസുകൾ കൂടുതലുള്ള നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജൂൺ മാസം 19 മുതൽ 30 വരെയാണ് ലോക്ക്ഡൗൺ. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കർണാടകയിൽ 213 കോവിഡ് കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 7213 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 88 പേർ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

HomeNewsതമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 46000 കടന്നു; 1843 പുതിയ രോഗികള്‍