സംസ്ഥാനത്ത് പത്ത് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ പാലക്കാട് ജില്ലയിൽ
സംസ്ഥാനത്തെ പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകൾ ആക്കി. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂർ ജില്ലയിലെ തലശ്ശേരി മുൻസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂർ മുൻസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട്‌സ്‌പോട്ടുകളിൽ കണ്ടെയ്ൻമെന്റ് സോണുകളില്ല. നിലവിൽ ആകെ 116 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിൽ. പന്ത്രണ്ട് പേർക്കാണ് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ 140 ആയി. മഹാരാഷ്ട്രയിൽ നിന്നെത്തിയ മൂന്ന് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആനക്കര കുമ്പിടി സ്വദേശിയായ 50കാരൻ, മുംബൈയിൽ നിന്ന് മെയ് 19, 21 തീയതികളിലായി എത്തിയ ശാസ്താപുരം, തിരുമിറ്റക്കോട് സ്വദശികൾ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നെത്തിയ എടയാർ സ്ട്രീറ്റ് സ്വദേശിയായ 39കാരൻ, വരോട് സ്വദേശിയായ 45 കാരി എന്നിവർക്കും കൊവിഡ് കണ്ടെത്തി. ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 21ന് വന്ന മണ്ണൂർ സ്വദേശിയായ 50കാരനും, തിരുനെല്ലായി സ്വദേശിയായ 26 കാരിയുമാണ് അവർ. മസ്‌കറ്റിൽ നിന്നെത്തിയ തിരുവേഗപ്പുറ സ്വദേശിയായ 38കാരനും പഴനി സന്ദർശനം നടത്തി 20 ദിവസത്തിന് ശേഷം മെയ് 23ന് എത്തിയ ചന്ദ്രനഗർ പിരിവുശാല സ്വദേശിയായ 38കാരനും രോഗം കണ്ടെത്തി. വാളയാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ മരുതക്കോട് സ്വദേശി 58കാരനാണ് മറ്റൊരാൾ. പൊൽപ്പുള്ളി സ്വദേശിയായ 63കാരിക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച മകന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇവർ ഉൾപ്പെട്ടിരുന്നു. ഇതോടെ പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച അസാം സ്വദേശിയും ഉൾപ്പെടെ 140 പേരായി. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
Home › News › സംസ്ഥാനത്ത് പത്ത് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ പാലക്കാട് ജില്ലയിൽ
