മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു
മുക്കം: മലയോര ജനതയ്ക്ക്പുതിയ പ്രതീക്ഷകൾ നൽകി മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു.തിരുവമ്പാടി മണ്ഡലത്തിൽ കോടഞ്ചേരി മുതൽ കക്കാടം പൊയിൽ വരെ 34 കിലോ മീറ്റർ ദൂരമുള്ള ആദ്യ റീച്ച് ആണ് നിർമാണം തുടങ്ങുന്നത്.144 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തിരിക്കുന്നത്. നിർമാണം ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ജോർജ്.എം തോമസ് എംഎൽഎ അറിയിച്ചു.ഹൈവേ നിർമാണത്തിന് ഉടമകൾ സ്ഥലം വിട്ടു നൽകിയ പ്രദേശങ്ങളിൽ കുറ്റിവയ്പ്പ് അടുത്ത ആഴ്ച ആരംഭിക്കും.കോടഞ്ചേരി മുതൽ ഇലന്തുകടവ് വരെയുള്ള സ്ഥലത്ത് ജൂൺ ഒന്ന്, രണ്ട് തിയതികളിലും ഇലന്തുകടവ് മുതൽ മഞ്ഞപ്പൊയിൽ വരെ മൂന്ന്, നാല് തീയതികളിലും മഞ്ഞപ്പൊയിൽ മുതൽ കരിങ്കുറ്റി ബൈപാസ് വരെ അഞ്ചിനും കുറ്റിവയ്പ്പ് നടത്തും. കക്കാടംപൊയിൽ മുതൽ കൂമ്പാറ വരെ ജൂൺ രണ്ട്, മൂന്ന്, നാല് തിയതികളിലും കൂമ്പാറ മുതൽ കൽപിനി വരെ അഞ്ച്, ആറ് തിയതികളിലുമാണ് കുറ്റിവയ്പ്പ്. 12 മീറ്റര്‍ വീതിയിലാണ് പാത വിഭാവനം ചെയ്തത്.ഇതിന് സമീപം നടപ്പാതകളും ബസ് ബേകളും പോലീസ് എയ്ഡ് പോസ്റ്റുകളുടം ക്രമീകരിച്ചിട്ടുണ്ട്.പദ്ധതിയുടെ ഭാഗമായി അകമ്പുഴയില്‍ പാലം നിര്‍മാണവും 30 കലുങ്കുകളുടെ നിർമാണവും നടത്തണം. ജില്ലയില്‍ നാദാപുരം, പേരാമ്പ്ര, ബാലുശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലുടെയാണ് പാത കടന്നുപോകുക.
