സംസ്ഥാനം

നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ്; ചാര്‍ജ് വര്‍ധന ഇല്ല- ഗതാഗതമന്ത്രി

📍 Mukkam, Kozhikode2 Jun 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കെഎസ്ആർടിസി അന്തർ ജില്ലാ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. ബസ് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായാണ് പൊതുഗതാഗതം പുന:സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയ്ക്കകത്തുള്ള സർവീസ് ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ അന്തർജില്ലാ സർവീസ് നാളെ മുതൽ ആരംഭിക്കും. അടുത്തഘട്ടത്തിൽ ദീർഘദൂര സർവീസുകൾ ആരംഭിക്കും. ഇതിനോടൊപ്പമോ ശേഷമോ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ അഞ്ച് മണിമുതൽ രാത്രി 9 മണി വരെയാവും ബസ് സർവീസ് നടത്തുക. ബസ് ജീവനക്കാരും യാത്രക്കാരും എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസർ കരുതണം. കണ്ടെയിൻമെന്റ് സോണുകളിൽ ബസ്സിന് സ്റ്റോപ്പ് അനുവദിക്കില്ല. ഇത്തരം മേഖലകളിൽ നിന്നും ആളുകളെ കയറ്റുകയോ ആളെ ഇറക്കുകയോ ചെയ്യില്ല. മൂന്ന് മാസത്തേക്ക് റോഡ് ടാക്സിൽ നൽകിയ ഇളവ് ജൂൺ മുപ്പത് വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.

HomeNewsനാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ്; ചാര്‍ജ് വര്‍ധന ഇല്ല- ഗതാഗതമന്ത്രി