പ്രാദേശികവാർത്തകൾ

വെന്റ് പൈപ്പ് പാലം ഇനി ഓർമ

📍 Mukkam, Kozhikode2 Jun 2020

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ചുകൊണ്ട് ഇരുവഞ്ഞിപ്പുഴയിൽ മുക്കം കടവിൽ നിർമിച്ച പഴയ വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കുന്ന പ്രവൃത്തി തുടങ്ങി. വെന്റ് പൈപ്പ് പാലം അടിയന്തരമായി പൊളിച്ചുനീക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയർമാൻകൂടിയായ കളക്ടർ സാംബശിവറാവു ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുക്കം കടവിൽ ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും സംഗമിക്കുന്ന ഭാഗത്ത് മൂന്ന് കരകളെ ബന്ധിപ്പിച്ചാണ് 2003-ൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പാലം നിർമിച്ചത്. മഴക്കാലമായാൽ കുമാരനല്ലൂർ, തടപ്പറമ്പ്, പുതിയോട്ടിൽ, ആനയാംകുന്ന് എന്നീ പ്രദേശത്തുള്ളവർക്ക് മുക്കത്ത് എത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുകയോ തോണിയെ ആശ്രയിക്കുകയോ വേണമായിരുന്നു. ഇത് പരിഹരിക്കുന്നതിനുവേണ്ടിയാണ് കേരളത്തിൽ ആദ്യമായി ഒരു പഞ്ചായത്ത് ഇത്രയും വലിയ ഒരു വെന്റ് പൈപ്പ് പാലം നിർമിച്ചത്. മഴക്കാലത്ത് വലിയ മരത്തടികളും മറ്റും അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ട് ഇരുകരകളും ഇടിഞ്ഞ് തകർന്നും വെള്ളപ്പൊക്ക തീവ്രത കൂട്ടിയും പാലം ഭീഷണിയാവുന്ന സാഹചര്യത്തിലാണ് പൊ ളിച്ചുനീക്കാൻ ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെട്ടത്. പുതിയ കോൺക്രീറ്റ് പാലം കടവിൽ നിർമിച്ച സാഹചര്യത്തിൽ പഴയപാലം ഉപേക്ഷിക്കപ്പെട്ടു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം പൊളിക്കൽ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് ദിവസംകൊണ്ട് ദൗത്യം പൂർത്തിയാക്കും. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.പി. ജമീല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനല്ലൂർ, പഞ്ചായത്ത്‌ അംഗങ്ങളായ എം. ദിവ്യ, സവാദ് ഇബ്രാഹിം, എക്സിക്യുട്ടീവ് എൻജിനിയർ സിന്ധു, അസിസ്റ്റൻറ്് എൻജിനിയർ രാജേഷ്, ഓവർസിയർ ജിൻസി തുടങ്ങിയവർ പ്രവൃത്തി നിരീക്ഷിച്ചു.

HomeNewsവെന്റ് പൈപ്പ് പാലം ഇനി ഓർമ