'നിസര്‍ഗ' കരയിലെത്തി; മുംബൈയില്‍ അതിശക്തമായ കാറ്റും പേമാരിയും
മുംബൈ: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ കരതൊട്ടു. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നു. മുംബൈയിൽ 75 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയാണ്. റായ്ഗഡ് ജില്ലയിലാണ് നിസർഗ കരതൊട്ടു തുടങ്ങിയത്. ദക്ഷിണ മുംബൈയിൽ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴമാപിനികൾ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തിൽ പെയ്തത്. കടൽ കാര്യമായി കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും, നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. കൊവിഡ് മഹാമാരിയായി പടരുന്നതിനിടെയാണ് മുംബൈയിൽ ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത് എന്നതാണ് ആശങ്കയേറ്റുന്നത്. ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കൊന്നും, ആരോടും എത്തരുതെന്ന് ബൃഹൻമുംബൈ കോർപ്പറേഷൻ അധികൃതരും പൊലീസും കർശനനിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ & ദിയു, ദാദ്ര & നാഗർഹവേലി എന്നീ തീരങ്ങൾ അതീവജാഗ്രതയിലാണ്. എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. ''സംസ്ഥാനം ഇപ്പോൾ നേരിടുന്ന കൊവിഡ് വെല്ലുവിളിയേക്കാൾ വലുതാകാം ഇപ്പോഴത്തെ ചുഴലിക്കാറ്റ്. ലോക്ക്ഡൗൺ ഇളവുകൾ അടുത്ത രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതല്ല. എല്ലാവരും ജാഗ്രതയിൽ തുടരണം'', എന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. 70,000-ത്തിലധികം കൊവിഡ് കേസുകളുണ്ട് നിലവിൽ മുംബൈയിൽ.
Home › News › 'നിസര്‍ഗ' കരയിലെത്തി; മുംബൈയില്‍ അതിശക്തമായ കാറ്റും പേമാരിയും
