ദേശീയം

ഒഡീഷയില്‍ മഹാനദിയില്‍ മുങ്ങിയ 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി

📍 Mukkam, Kozhikode17 Jun 2020

ഭുവനേശ്വർ: ഒഡീഷയിലെ മഹാനദിയിൽ വെള്ളത്തിൽ മുങ്ങിയ500 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. 1933-ലെ വെള്ളപ്പൊക്കത്തിലാണ് ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതെന്നാണ് ഗവേഷകർ പറയുന്നത്. വെള്ളപ്പൊക്കത്തെത്തുടർന്ന് നദി ഗതി മാറി ഒഴികിയതോടെയാണ് നയാഗ്രയിൽ ഒരു ഗ്രാമവും ക്ഷേത്രവും വെള്ളത്തിൽ മുങ്ങിയത്. ചെറിയ ഭാഗം വെള്ളത്തിന് പുറത്ത് ദൃശ്യമായതിനെ തുടർന്നാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ (ഇൻടാച്ച്) പുരാവസ്തു സർവേ സംഘം പറഞ്ഞു. ക്ഷേത്രത്തിന് 450 മുതൽ 500 വർഷം വരെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി.- ഇൻടാച്ച് ചീഫ് അനിൽ കുമാർ ധീർ വാർത്താ ഏജൻസിയോട് പറഞ്ഞു. "ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണാമെന്ന് ഒരാഴ്ച മുമ്പാണ് വിവരം ലഭിച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻആണ്. ക്ഷേത്രത്തിന് കാര്യമായ പ്രശ്നങ്ങളില്ല.പുതിയ സാങ്കേതികവിദ്യ കൊണ്ട് ഇത് പുനസ്ഥാപിക്കാൻ സാധിക്കും. വെള്ളത്തിൽ മുങ്ങിയ ആദ്യത്തെ ക്ഷേത്രമല്ല ഇത്."- അനിൽ കുമാർ ധീർ കൂട്ടിച്ചേർത്തു. ഏകദേശം 11 വർഷം മുമ്പ് ക്ഷേത്രത്തിന്റെ മുകൾഭാഗം ജലനിരപ്പിന് മുകളിൽ കാണാൻ സാധിച്ചിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 55 മുതൽ 60 അടി വരെ ഉയരമുള്ള ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നിർമിച്ചതാണെന്നാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ മുകൾ ഭാഗത്തെ നിർമാണ രീതിയും ഉപയോഗിച്ച കെട്ടിട സാമഗ്രികളും ഇതാണ് സൂചിപ്പിക്കുന്നത്.

HomeNewsഒഡീഷയില്‍ മഹാനദിയില്‍ മുങ്ങിയ 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി