നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു
ചരമം

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

📍 Mukkam, Kozhikode25 Apr 2020

തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു.തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. നാടകാചാര്യൻ ടി. എൻ.ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി. ടി.എൻ. ഗോപിനാഥൻ നായരുടെ മൂന്ന് മക്കളിൽ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. 1996ൽ ദൂരദർശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛൻ ടി.എൻ.ഗോപിനാഥൻ നായർ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടർന്ന് നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോൾ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഏതാണ്ട് അമ്പതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുന്നാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. സിബി മലയിലിന്റെ നീവരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു.ഇരുപത്തിയഞ്ചോളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. ഇതിൽ ഏതാനും കഥകൾ ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.

HomeNewsനടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു