സംസ്ഥാനം

ഗതാഗതനിയമലംഘനം; വാഹന വകുപ്പ് എഴുത്ത് നിര്‍ത്തി; നിയമ ലംഘകര്‍ക്ക് ഡിജിറ്റല്‍ പിഴ

📍 Mukkam, Kozhikode13 Jun 2020

ഗതാഗത നിയമലംഘനങ്ങളുടെ പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ അടയ്ക്കാം. ഓൺലൈനിൽ പണം സ്വീകരിക്കാൻ കഴിയുന്ന കാർഡ് സൈ്വപ്പിങ് മെഷീനുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനാ സ്ക്വാഡുകൾക്ക് നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാർഥത്തിൽ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 600 പോയന്റ് ഓഫ് സെയിൽസ് (പി.ഒ.എസ്.) മെഷീനുകൾ വിതരണം ചെയ്യും. കുറ്റകൃത്യങ്ങൾ കണ്ടെത്തിയത് കോടതിയെ അറിയിക്കുന്ന ചെക്ക് റിപ്പോർട്ടുകളും ഓൺലൈനിലേക്കെത്തി. ഇ-ചലാൻ എന്ന സോഫ്റ്റ്വേറാണ് ഇതിനുപയോഗിക്കുന്നത്. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് വിതരണത്തിനുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള വാഹൻ സാരഥി സോഫ്റ്റ്വേറുമായി ചേർന്നാണ് ഇ-ചെലാൻ പ്രവർത്തിക്കുന്നത്. കുറ്റകൃത്യങ്ങൾ കണ്ടെത്തുമ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് സ്മാർട്ട് ഫോൺ, പി.ഒ.എസ്. എന്നിവ ഉപയോഗിച്ച് ചെക്ക് റിപ്പോർട്ട് തയാറാക്കാം. കൈയിൽ പണമില്ലാത്തവർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. അതിന് തയാറായില്ലെങ്കിൽ ചെക്ക് റിപ്പോർട്ട് വാഹൻ- സാരഥി വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യും. ഓൺലൈനിൽ പിഴ അടയ്ക്കാതെ തുടർ സേവനങ്ങൾ ലഭിക്കില്ല. ഉദ്യോഗസ്ഥർ എഴുതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ മുമ്പ് ഓഫീസ് ജീവനക്കാർക്ക് കൈമാറുകയായിരുന്നു. പിഴ അടയ്ക്കാനുള്ള നോട്ടീസ് തയ്യാറാക്കി അയക്കേണ്ട ചുമതല ഓഫീസ് ജീവനക്കാർക്കായിരുന്നു. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്തപ്പോഴാണ് കേസ് കോടതിക്ക് കൈമാറിയിരുന്നത്. ഏറെ സങ്കീർണമായിരുന്നു ഓഫീസ് നടപടികൾ. എന്നാൽ ഇ-ചെലാൻ സംവിധാനത്തിൽ ഇതെല്ലാം ഓൺലൈനിലേക്ക് നീങ്ങും. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കു തന്നെ തുടർ നടപടികൾ സ്വീകരിക്കാനാകും.

HomeNewsഗതാഗതനിയമലംഘനം; വാഹന വകുപ്പ് എഴുത്ത് നിര്‍ത്തി; നിയമ ലംഘകര്‍ക്ക് ഡിജിറ്റല്‍ പിഴ