അന്തർദേശീയം

കാത്തി ലീഡേഴ്‌സ് നാസ ബഹിരാകാശയാത്രാ പദ്ധതിയുടെ ആദ്യ വനിതാ മേധാവിയാകും

📍 Mukkam, Kozhikode13 Jun 2020

വാഷിങ്ടൺ: കാത്തി ലീഡേഴ്സ് നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (NASA) ബഹിരാകാശയാത്ര പദ്ധതിയുടെ ആദ്യവനിതാ മേധാവിയാകും. 2024-ലെ ചാന്ദ്രദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് നാസയിപ്പോൾ. മെയ് മാസത്തിൽ നാസ വിജയകരമായി ആരംഭിച്ച സ്വകാര്യ ബഹിരാകാശ വിമാനയാത്രയുടെ മേൽനോട്ടം നിർവഹിച്ചത് കാത്തി ലീഡേഴ്സായിരുന്നു. നാസയുടെ ഹ്യൂമൻ എക്സ്പ്ലൊറേഷൻ & ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റ് മേധാവിയായി കാത്തി ലീഡേഴ്സിനെ നിയമിക്കുന്നതായി നാസയുടെ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡൻസ്റ്റിൻ ട്വീറ്ററിലൂടെ അറിയിച്ചു. സ്വകാര്യബഹികാരാശ വിമാനയാത്രാപദ്ധതി സംബന്ധിയായ കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ കാത്തിയ്ക്ക് കഴിഞ്ഞതായും 2024-ൽ ചന്ദ്രനിലേയ്ക്ക് ബഹിരാകാശയാത്രികരെ അയക്കുന്ന പദ്ധതിയ്ക്ക് നേതൃത്വം നൽകാൻ കാത്തിയാണ് അനുയോജ്യയായ വ്യക്തിയെന്നും ബ്രിഡൻസ്റ്റിൻ കൂട്ടിച്ചേർത്തു. 28 വർഷത്തോളമായി നാസയിൽ പ്രവർത്തിച്ചു വരുന്ന കാത്തി ലീഡേഴ്സ് കഴിഞ്ഞ ഏഴ് കൊല്ലമായി നാസയുടെ സ്വകാര്യ ബഹിരാകാശ യാത്രാപദ്ധതിയുടെ മേൽനോട്ടം നിർവഹിച്ചു വരികയാണ്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ യാത്രക്കാരെ വിജയകരമായി എത്തിച്ച് രണ്ടാഴ്ച പൂർത്തിയാകുമ്പോഴാണ് പുതിയ ചുമതല കാത്തിയ്ക്ക് നൽകിയിരിക്കുന്നത്. 2024 ൽ ചന്ദ്രനിൽ യാത്രികരെ എത്തിക്കുകയാവും കാത്തിയുടെ അടുത്ത പ്രധാന ദൗത്യം. വനിതാ ബഹികാരാകാശ യാത്രികരെ ബഹികാരാശത്തെത്തിക്കാനുള്ള നാസയുടെ പദ്ധതിയും നിലവിലുണ്ട്. കാത്തിയുടെ നേതൃത്വത്തിലാണ് സ്പെയ്സ് എക്സും ബോയിങ്ങും സംയുക്തമായി ബഹിരാകാശവാഹനം വികസിപ്പിച്ചതും കാത്തിയുടെ നേതൃത്വത്തിലാണ്. സ്പെയ്സ് എക്സിന്റെ ഫാൽക്കൺ 9 സ്വകാര്യബഹിരാകാശവാഹനം മെയ് 30 ന് ചരിത്രം കുറിച്ച് യാത്ര തിരിക്കുകയും ചെയ്തു. ബരാക് ഒബാമയെ പ്രസിഡന്റായിരുന്ന സമയത്താണ് ബഹിരാകാശയാത്രയിൽ സ്വകാര്യപങ്കാളിത്തം അനുവദിച്ച് തീരുമാനമായത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് 2024 ൽ വനിതാ ബഹിരാകാശയാത്രിക ഉൾപ്പെടെ ചന്ദ്രയാത്രയുടെ കാര്യത്തിൽ തീരുമാനമെടുത്തത്.

HomeNewsകാത്തി ലീഡേഴ്‌സ് നാസ ബഹിരാകാശയാത്രാ പദ്ധതിയുടെ ആദ്യ വനിതാ മേധാവിയാകും