പിഎസ്‌സി പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കണം; സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവര്‍ക്ക് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനസർക്കാർ സർവീസിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി. ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികൾ ഉറപ്പുവരുത്തണം. ജോലിയിൽ പ്രവേശിച്ച് ഇതിനകം നിയമനപരിശോധന (സർവീസ് വെരിഫിക്കേഷൻ) പൂർത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴിൽതട്ടിപ്പ് തടയാനും സർക്കാർജോലിക്ക് ആധാർ നിർബന്ധമാക്കണമെന്ന് പി.എസ്.സി. സെക്രട്ടറി കത്തുനൽകിയിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്. പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖം എന്നിവ നടത്താൻ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയൽ നടത്തുന്നുണ്ട്. ആറുമാസംമുമ്പാണ് പി.എസ്.സി. ഇതാരംഭിച്ചത്. ആൾമാറാട്ടത്തിലൂടെയുള്ള തൊഴിൽതട്ടിപ്പ് തടയുകയാണ് ലക്ഷ്യം. നിയമനശുപാർശ നേരിട്ട് കൈമാറുന്ന രീതി ഈയിടെ പി.എസ്.സി. ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉൾപ്പെടെ തിരിച്ചറിയൽ നടത്തിയിരുന്നത്. കോവിഡ് ഭീഷണിയെത്തുടർന്ന് ഇത് താത്കാലികമായി നിർത്തിവെച്ചു. സർക്കാർജോലിയിൽ സ്ഥിരപ്പെടാൻ പി.എസ്.സി.യുടെ നിയമനപരിശോധന 2010 മുതലാണ് ഏർപ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തൂ. ഒരുവർഷംമുമ്പേ ആധാറിനെ തിരിച്ചറിയൽരേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലിൽ ആധാർ നമ്പർ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു. *ആധാർ ബന്ധിപ്പിച്ചത് 32 ലക്ഷം പേർ* പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷനിൽ ഇതുവരെയായി 53 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 32 ലക്ഷം പേർ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ നിയമനശുപാർശ കിട്ടുന്നവർ ആധാർ ബന്ധിപ്പിക്കണം. പുതുതായി പി.എസ്.സി.യിൽ രജിസ്റ്റർചെയ്യാനും ആധാർ നിർബന്ധമാണ്. ലക്ഷ്യം ആൾമാറാട്ടം തടയൽ * പി.എസ്.സി.യിൽ ഒറ്റത്തവണ പ്രൊഫൈൽ രജിസ്ട്രേഷൻ നടത്താൻ ആധാർ ബന്ധിപ്പിക്കണം. * ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ മാത്രമേ പി.എസ്.സി.യുടെ വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കാനാകൂ. * അപേക്ഷ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് ഉറപ്പുള്ളവരെ പി.എസ്.സി. പരീക്ഷയ്ക്കു ക്ഷണിക്കും. * പരീക്ഷാഹാളിലെ ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകൻ തന്നെയാണ് പരീക്ഷയെഴുതുന്നതെന്ന് ഉറപ്പാക്കും. * കായികപരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്കും ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകനെ ഉറപ്പാക്കും. * ജോലിയിൽ പ്രവേശിച്ചശേഷമുള്ള നിയമന പരിശോധനയ്ക്കും ആധാർ ഉപയോഗിക്കുന്നതോടെ പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരായ ആൾതന്നെയാണ് ജോലിയിലുള്ളതെന്ന് ഉറപ്പാക്കാനാകും.
Home › News › പിഎസ്‌സി പ്രൊഫൈൽ ആധാറുമായി ബന്ധിപ്പിക്കണം; സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവര്‍ക്ക് നിർബന്ധം
