അന്തർദേശീയം

ലോകത്ത് കോവിഡ് മരണം മൂന്നര ലക്ഷത്തിലേറെ; രോഗബാധിതര്‍ 57 ലക്ഷം കടന്നു

📍 Mukkam, Kozhikode27 May 2020

ലോകത്ത് കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. യുഎസിൽ മാത്രം ഒരു ലക്ഷത്തിലേറെ പേർ കോവിഡിനിരയായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 3,57,425 പേരാണ് ഇതുവരെ ലോകത്ത് കൊറോണവൈറസ് മഹമാരി ബാധിച്ച് മരിച്ചത്. 57,88,782 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ 24,97,593 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. 29,33,764 പേർ ചികിത്സയിൽ തുടരുന്നു. യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേർ മരിച്ചതടക്കം 1,02,107 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 17 ലക്ഷത്തിലധികം (1,745,803) പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യുഎസിനെ കൂടാതെ ബ്രസീലിൽ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേർ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലിൽ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി. രോഗബാധിതർ 4,14,661 പേർ. സ്പെയിനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2,83,849 പേർക്ക്. മരണം 27,118 പേർ. ജർമനിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1, 81,895 പേർക്ക്. മരണം 8,533 പേർ. ഇറ്റലിയിൽ മരണം 33,072. ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,58,086 പേർക്ക്. മരണം 4,534 പേർ. തുർക്കിയിൽ 159,797 രോഗബാധിതരിൽ 4,431 പേർ മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണത്തിൽ 10-ാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഒമ്പതാമതുള്ള തുർക്കിയും ഇന്ത്യയും തമ്മിൽ നേരിയ വ്യത്യാസമേയുള്ളൂ. കോവിഡ്-19 മഹാമാരിയുടെ പുതിയ വ്യാപനകേന്ദ്രമായി ലാറ്റിനമേരിക്ക മാറിയെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീലുൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വർധിക്കുമെന്നും യു.എസിൽ നടത്തിയ പഠനത്തെ ചൂണ്ടിക്കാട്ടി ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു.

HomeNewsലോകത്ത് കോവിഡ് മരണം മൂന്നര ലക്ഷത്തിലേറെ; രോഗബാധിതര്‍ 57 ലക്ഷം കടന്നു