ദേശീയം

രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ്; കോവിഡ് പ്രതിരോധത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയായി ധാരാവി

📍 Mukkam, Kozhikode15 Jun 2020

കൊറോണവൈറസ് ഹോട്ട്സ്പോട്ടായിരുന്ന ചേരി പ്രദേശം മഹാമാരിയെ വിജയകരമായി അതിജീവിച്ച് ലോകത്തിലെ വികസ്വര രാജ്യങ്ങൾക്ക് മാതൃകയായിത്തീർന്നിരിക്കുകയാണ് ധാരാവി. ഏഷ്യയിൽ ഏറ്റവുമധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിയാണ് മുംബൈയിലെ ധാരാവി. അതിവേഗതയിലായിരുന്നു ആദ്യഘട്ടത്തിൽ ധാരാവിയിലെ വൈറസ്വ്യാപനം. എന്നാൽ കൃത്യതയാർന്നതും സമയോചിതവുമായ പ്രതിരോധപ്രവർത്തനങ്ങൾ ധാരാവിയിലെ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശരീരോഷ്മാവ് അളക്കുന്നതിനും മറ്റ് കോവിഡ് അനുബന്ധ പരിശോധനകൾക്കുമായി 47,000-ഓളം വീടുകളിൽ ആരോഗ്യപ്രവർത്തകർ എത്തി. 7,00,000ൽ അധികം ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയ സ്കൂളുകളിലും സ്പോർട്സ് ക്ലബുകളിലേക്കും മാറ്റി. മെയ് ആദ്യദിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. രോഗികളിൽ പകുതിയിലധികം പേർ രോഗമുക്തരായി. എൺപതോളം പേർ ഒരേ ടോയ്ലറ്റുപയോഗിക്കുന്ന ധാരാവിയിൽ കോവിഡ് മരണസംഖ്യയിൽ വലിയ കുറവാണുണ്ടായത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ ഇതേ കാലയളവിൽ രോഗികളുടെ എണ്ണത്തിൽ നാല് മടങ്ങോളമാണ് വർധന രേഖപ്പെടുത്തിയത്. സാമൂഹികാകലം പാലിക്കുന്നു എന്നുറപ്പാക്കുകയായിരുന്നുഏറ്റവുംവലിയ പ്രതിസന്ധിയെന്ന് മുംബൈ മുൻസിപ്പൽ അസിസ്റ്റന്റ് കമ്മിഷണർ കിരൺ ദിഘാവ്കർ പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് വൈറസിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കുന്നതിനേക്കാൾ പ്രതിരോധിക്കുകയാണ് ധാരാവിയിൽ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടങ്ങളിൽ തന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധിച്ചതുകൊണ്ടാണ് സാമൂഹികവ്യാപനം നിയന്ത്രിക്കാൻ സഹായകമായതെന്ന് ദിഘാവ്കർ പറഞ്ഞു. മുംബൈ നഗരത്തിലെ മറ്റിടങ്ങളിൽ രോഗികൾ അവസാനഘട്ടത്തിൽ ആശുപത്രികളിലെത്തുമ്പോൾ ധാരാവിയിൽ നേരത്തെ രോഗികൾ ചികിത്സ തേടിയെത്തിയത് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 60-ൽ നിന്ന് 20 ആയി കുറഞ്ഞു. രോഗമുക്തി നേടുന്നവരുടെ ശരാശരി എണ്ണം 51 ശതമാനമായി ഉയർന്നു. മുംബൈയിലെ മറ്റിടങ്ങളിൽ ഇത് 41 ശതമാനമാണ്. കർശന നിയന്ത്രണങ്ങളോടുകൂടിയ ലോക്ക്ഡൗണാണ് ധാരാവിയിൽ ഏർപ്പെടുത്തിയത്. പ്രദേശവാസികളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു പ്രതിരോധപ്രവർത്തനങ്ങളിലെ ആദ്യകടമ്പ. ചെറിയൊരു പിഴവ് വലിയ ആഘാതം സൃഷ്ടിക്കാവുന്ന സ്ഥിതിയാണ് ധാരാവിയിലെ സാമൂഹിക ഘടനയിലുള്ളത്. ദശലക്ഷത്തോളം ജനങ്ങളുള്ള, 100 ചതുരശ്ര അടി വിസ്താരം മാത്രമുള്ള കുടിലിൽ ഏഴോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വൈറസ് ദ്രുതഗതിയിൽ പകരാമെന്നത് ഗുരുതര പ്രതിസന്ധിയായിരുന്നു. ഐസൊലേഷൻ കേന്ദ്രങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും ചികിത്സ സൗജന്യമായി ലഭ്യമായിരുന്നു. ആശുപത്രികളിൽ കിടക്കകൾ ലഭിക്കുന്നതു വരെ ഈ കേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാക്കി. രോഗലക്ഷണങ്ങൾ പ്രകടമായാൽ ജനങ്ങളെ സ്വയം ക്വാറന്റീനിൽ കഴിയാൻ പ്രേരിപ്പിച്ചു, ജനങ്ങൾ അത് പാലിക്കുകയും ചെയ്തു. സ്വയം സുരക്ഷിതരായിരിക്കുന്നതിനെ കുറിച്ച് ധാരാവിയിലെ ജനങ്ങൾക്കിപ്പോൾ അവബോധമുണ്ടെന്ന് ദിഘാവ്കർ പറഞ്ഞു. മഹാരാഷ്ട്രയിൽ ജൂൺ 30 വരെയാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്ക് ഡൗൺ അവസാനിച്ചാലും ധാരാവിയിലെ ജനങ്ങൾ കോവിഡ് വ്യാപന പ്രതിസന്ധി മറികടക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടപ്പിച്ചു.

HomeNewsരോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ്; കോവിഡ് പ്രതിരോധത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയായി ധാരാവി