ദേശീയം

പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്ത രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ വിട്ടയച്ചു

📍 Mukkam, Kozhikode15 Jun 2020

ന്യൂഡൽഹി: പാകിസ്താനിൽ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ പാകിസ്താൻ പോലീസ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവരെ പാകിസ്താൻ കസ്റ്റഡിയിൽ എടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യൻ എംബസി ഡ്രൈവറെയും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെയും കാണാതായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഇരുവർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറോളം കഴിഞ്ഞാണ് ഇരുവരെയും വാഹനാപകടക്കേസിൽ അറസ്റ്റ് ചെയ്തതായി പാകിസ്താൻ പ്രതികരിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഒരു വാഹനം അപകടത്തിൽപ്പെട്ടുവെന്നും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടിയതായും പോലീസിനെ ഉദ്ധരിച്ച് പാകിസ്താൻ വാർത്താചാനലായ സമാ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾ പാകിസ്താൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താൻ എംബസിയിലെ പ്രതിനിധിയെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

HomeNewsപാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്ത രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ വിട്ടയച്ചു