ദേശീയം

ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പാകിസ്താന്‍ വ്യാജകേസ് ചമച്ചതിന്റെ തെളിവുകള്‍ പുറത്ത്

📍 Mukkam, Kozhikode16 Jun 2020

ന്യൂഡൽഹി: രണ്ട് ഇന്ത്യൻ ഹൈക്കമ്മിഷൻ ജീവനക്കാർക്കെതിരെ പാകിസ്താൻ കള്ളക്കേസ് ചമച്ചാണ് അറസ്റ്റ് ചെയ്തതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ജീവനക്കാർ സഞ്ചരിച്ച കാറിടിച്ച് ഒരു വഴിയാത്രക്കാരന് പരിക്കേറ്റതിനെ തുടർന്നായിരുന്നു അറസ്റ്റെന്ന് രാത്രി വൈകിയാണ് പാകിസ്താൻ വ്യക്തമാക്കിയത്. കൂടാതെ പതിനായിരം രൂപ മൂല്യമുള്ള പാകിസ്താന്റെ വ്യാജരൂപയും ഇരുവരും കൈവശം വെച്ചുവെന്നും പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ എഫ്ഐആറിൽൽ രേഖപ്പെടുത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കാണാതായെന്ന വിവരം ലഭിച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മർദമുണ്ടായതിനെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. രണ്ട് ഉദ്യോഗസ്ഥരും മറ്റൊരു ഉദ്യോഗസ്ഥനെ കൂട്ടാൻ രാവിലെ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയ്ക്കാണ് കാണാതായത്. ഇവർ സഞ്ചരിച്ച കാറിടിച്ച് വഴിയാത്രക്കാരന് അപകടം സംഭവിച്ചതായുള്ള ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ അപകടം സംഭവിച്ചയാളുടേയോ അയാളെ കൊണ്ടു പോയ ആശുപത്രിയുടേയോ ദൃക്സാക്ഷിയുടേയോ വിവരം എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. ചാരവൃത്തിയുമായി ബന്ധപ്പെട്ട് രണ്ട് പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ കഴിഞ്ഞമാസം പിടികൂടി തിരിച്ചയച്ചിരുന്നു. ഇതിന് പകരമാണ് പാകിസ്താന്റെ ഈ നടപടിയെന്ന് സംശയം ഉയർന്നിട്ടുണ്ട്. പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യരുതെന്നും വിട്ടയക്കണമെന്നും ഇന്ത്യ കർശന നിർദേശം നൽകിയിരുന്നു.

HomeNewsഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പാകിസ്താന്‍ വ്യാജകേസ് ചമച്ചതിന്റെ തെളിവുകള്‍ പുറത്ത്