ഗാൽവൻ താഴ്‌വരയിൽ ചൈനീസ് ക്രൂരത
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിനടന്നത് സൈനിക മര്യാദകൾ പാടേ ലംഘിച്ചുള്ള ചൈനീസ് ക്രൂരത. അറുനൂറോളം വരുന്ന ചൈനീസ് സൈനികരാണ് എണ്ണത്തിൽ കുറവായ ഇന്ത്യൻസേനയെ നേരിടാനെത്തിയത്. ഇവർ കടുത്ത ആക്രമണമാണ് നടത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സേനാപിന്മാറ്റം നടക്കുന്നതിനിടെ എതിർവശത്തെ ഉയർന്ന കുന്നിൻമുകളിൽ സ്ഥാനംപിടിച്ച ചൈനീസ് ഭടന്മാർ അവിടെനിന്ന് പിന്മാറാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് ചർച്ചയ്ക്കുവേണ്ടിയാണ് കേണൽ സന്തോഷ് കുമാറും ഹവീൽദാർ കെ. പളനിയും സിപ്പോയ് കുന്തൻകുമാർ ഓഝയും അവിടേക്കുപോയത്. സംഭാഷണത്തിനുശേഷം മടങ്ങുന്നതിനിടെ ഇവർക്ക് വഴിതെറ്റി. ഇതേവഴിക്കുവന്ന മറ്റൊരു ചൈനീസ് പട്രോൾ സംഘം ഇവരെ തടഞ്ഞു. ഈ തർക്കത്തിനിടെ േകണലിന് തലയ്ക്കടിയേറ്റു. തുടർന്ന് മറ്റുരണ്ടുപേർ ചേർന്ന് കേണലിനെ രക്ഷിക്കാൻ ശ്രമിച്ചു. അവരെയും ചൈനീസ് സംഘം ആക്രമിച്ചു. ഉന്തും തള്ളിനുമിടെ കേണലും മറ്റു രണ്ടുപേരും നദിയിലേക്കുവീണു. ഇത് ദൂരെനിന്നുകണ്ട ഇന്ത്യൻസേന അവിടേക്ക് പാഞ്ഞെത്തി. ചൈനീസ് സംഘവുമായി സംഘർഷത്തിലായി. മുപ്പതോളംപേരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. അതോടെ യഥാർഥ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് വലിയസംഘം ചൈനീസ് സേന ഇരച്ചെത്തുകയായിരുന്നു. ഇവർ ഇന്ത്യൻസൈനികർക്കുനേരെ ബലപ്രയോഗമാരംഭിച്ചു. ഇതിനിടെ നദിയിൽവീണ മൂന്നുപേരുടെയും മരണം സംഭവിച്ചിരുന്നു. തുടർന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഘർഷമാണ് അവിടെ നടന്നത്. ഇന്ത്യൻ സൈന്യത്തിനുനേരെ കല്ലുകളും കമ്പിപ്പാരയും ഷവലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യൻ സൈനികരും തിരിച്ചടിച്ചു. ഇന്ത്യൻൈസനികരിൽ പലരെയും കൊക്കയിലേക്ക് വലിച്ചെറിയുകയും വീണവരുടെ മേലേക്ക് വലിയ കല്ലുകൾ വലിച്ചെറിയുകയും ചെയ്തു. കൂടുതൽ ഇന്ത്യൻസൈനികർ അവിടേക്കുവരുകയും കടുത്ത ചെറുത്തുനിൽപ്പ് നടത്തുകയുംചെയ്തു. ഇതോടെ ചൈനീസ് ഭാഗത്തും വലിയതോതിൽ ആൾനാശമുണ്ടായി. പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ, കൊടുംതണുപ്പിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നുമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. ഒട്ടേറെ ഇന്ത്യൻസൈനികർ ചൈനീസ് കസ്റ്റഡിയിലായി. ഇവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഇവരെ ഇന്ത്യക്ക് വിട്ടുകിട്ടി. ഇരുസൈന്യങ്ങളും ഗാൽവൻ താഴ്‌വരയിൽനിന്ന് പിന്മാറുകയുംചെയ്തു.
