ഐ.എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍
ന്യൂഡൽഹി: ഇന്ത്യയിലെ ഇതിഹാസ ഫുട്ബോളർമാരിൽ ഒരാളായ ഐ.എം വിജയനെ പത്മശ്രീ പുരസ്കാരത്തിനായി നാമനിർദേശം ചെയ്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമർപ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2003-ൽ അർജുന പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ വിജയൻ 17-ാം വയസിൽ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോൾ കരിയറിന് തുടക്കമിടുന്നത്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ സോഡയും മറ്റും വിറ്റുനടന്നിരുന്ന പയ്യനിൽ നിന്ന് ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരമായി അദ്ദേഹം വളർന്നത് കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമായിരുന്നു. കരിയറിൽ മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ജെസിടി ഫഗ്വാര, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചു. 1989-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 66 മത്സരങ്ങൾ കളിച്ചു. 40 ഗോളുകളും ഇക്കാലയളവിൽ സ്കോർ ചെയ്തു. 1999-ൽ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി. ഫുട്ബോൾ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിൽ ഭൂട്ടാനെതിരെ 12-ാം സെക്കൻഡിലാണ് വിജയൻ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യൻ ഗെയിംസിൽ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ൽ ഇന്ത്യയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിസിൽ നാലു ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോററായി. 1992, 1997, 2000 വർഷങ്ങളിൽ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്. 2001-ൽ ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം ശാന്തത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തും ചുവടുവെച്ചു. മലയാളത്തിലും തമിഴിലുമായി 20-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Home › News › ഐ.എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍
