
തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ 60,000 കടന്നു; മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ്
ചെന്നൈ: കോവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ഇന്ന് 37 പേർ മരിച്ചു. 2710 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി. ആകെ മരണം 794 ആയി. 27,178 ആണ് തമിഴ്നാട്ടിലെ ആക്ടീവ് കേസുകൾ. അതിനിടെ തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്കർ അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെത്തുടർന്ന് മധുര കോർപ്പറേഷൻ പരിധിയിൽ തമിഴ്നാട് സർക്കാർ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 30 ന് അർധരാത്രി വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ. വിദേശത്തുനിന്നും വിമാനമാർഗം സംസ്ഥാനത്തെത്തിയ മൂന്നു പേരും (ഖത്തർ 1, നൈജീരിയ 2) സിംഗപ്പൂരിൽനിന്നും കപ്പൽമാർഗം എത്തിയ മൂന്നുപേരും ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആഭ്യന്തര വിമാനങ്ങളിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് എത്തിയ 13 പേർക്ക് (ഡൽഹി 8, ജമ്മു കശ്മീർ 2, കർണാടക 1, മഹാരാഷ്ട്രാ 1, ഉത്തർപ്രദേശ് 1) കോവിഡ് സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും റോഡ് മാർഗവും എത്തിയ 39 പേർക്കും (കർണാടക 10, കേരളം 9, മഹാരാഷ്ട്ര 8, ഗുജറാത്ത് 4, ആന്ധ്രാപ്രദേശ് 3, ഡൽഹി 2, രാജസ്ഥാൻ 2, തെലങ്കാന 1) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്കർ പറഞ്ഞു. പ്രത്യേക ശ്രദ്ധ പുലർത്തിയാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിലും പ്രോട്ടോകോൾ പാലിക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സർക്കാർ മറച്ചുവച്ചിട്ടില്ലെന്നും ജില്ലാ അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾപോലും എല്ലാദിവസവും പുറത്തുവിടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദർ (75) കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹമടക്കം പളനിസ്വാമിയുടെ ഓഫീസിലെ അഞ്ചുപേർക്കാണ് കോവിഡ് ബാധിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഫോട്ടോഗ്രാഫർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മധുരയിൽ സമ്പൂർണ ലോക്ക്ഡൗൺ മധുര കോർപ്പറേഷൻ പരിധിയിൽ ജൂൺ 23 മുതൽ 30 ന് അർധരാത്രി വരെ തമിഴ്നാട് സർക്കാർ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണിത്. ആശുപത്രികൾ, പരിശോധനാ ലാബുകൾ, മരുന്നുകടകൾ, ആംബുലൻസുകൾ, മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് അനുമതി. ആശുപത്രിയിൽ പോകുന്നതിനോ റെയിൽവെ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ പോകുന്നതിനോ മാത്രമെ സ്വകാര്യ വാഹനങ്ങളും ടാക്സികളും ഓട്ടോറിക്ഷകളും അടക്കമുള്ളവ ഉപയോഗിക്കാൻ പാടുള്ളൂ. സർക്കാർ ഓഫീസുകളും ബാങ്കുകളും 33 ശതമാനം ജീവനക്കാരെവച്ച് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് എത്തേണ്ടതില്ല. എടിഎമ്മുകൾ പൂർണതോതിൽ പ്രവർത്തിക്കും. റേഷൻ കടകൾ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമെ പ്രവർത്തിക്കൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും പെട്രോൾ പമ്പുകളും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമെ പ്രവർത്തിക്കൂ. ഹോട്ടലുകളിൽനിന്ന് പാഴ്സൽ വാങ്ങാൻ മാത്രമാണ് അനുമതി.
Home › News › തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ 60,000 കടന്നു; മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ്
