ദേശീയം

വാഹന രേഖകള്‍ കൃത്യമാണെന്ന് ഉറപ്പാക്കാം, തിരുത്താം; വിരല്‍ത്തുമ്പില്‍ 'വാഹന്‍' ഓണ്‍ലൈന്‍ പോര്‍ട്ടൽ

📍 Mukkam, Kozhikode19 Jun 2020

വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ കൃത്യമാണോയെന്നു പരിശോധിക്കാൻ ഉടമസ്ഥർക്ക് അവസരം. സംസ്ഥാനത്തെ 1.40 കോടി വാഹനങ്ങളുടെ വിവരങ്ങൾ രാജ്യവ്യാപക കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനമായ വാഹനിലേക്കു മാറിയതിന്റെ ഭാഗമായാണ് രേഖകൾ ഒത്തുനോക്കാൻ അവസരം നൽകുന്നത്. രേഖകളിൽ തെറ്റുണ്ടെങ്കിൽ അധികൃതരെ അറിയിച്ച് തിരുത്താം. മൊബൈൽ നമ്പർ തിരുത്താനും പുതിയ നമ്പർ ഉൾക്കൊള്ളിക്കാനും അനുമതിയുണ്ട്. വാഹൻ സംവിധാനത്തിൽ മൊബൈൽ നമ്പർ നിർണായകമാണ്. ഓരോ സേവനത്തിനുമുള്ള ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ മൊബൈൽ നമ്പറിലാകും ലഭിക്കുക. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴചുമത്തുന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും മൊബൈലിൽ സന്ദേശമായി ലഭിക്കും. വാഹനം അപകടത്തിൽപ്പെടുമ്പോഴും ഉപേക്ഷിക്കുമ്പോഴുമൊക്കെ ഉടമയെ കണ്ടെത്താൻ മൊബൈൽ നമ്പർ രജിസ്ട്രേഷൻ ഉപകരിക്കും. ഓൺലൈൻ അപേക്ഷകളുടെ പുരോഗതിയും ഉടമസ്ഥർക്ക് മൊബൈൽഫോണിൽ അറിയാം. ഓഫീസുകളിൽനിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തപാലിൽ അയയ്ക്കുമ്പോൾ സ്പീഡ് പോസ്റ്റ് നമ്പർ സഹിതം മൊബൈലിൽ സന്ദേശമെത്തും. ഇതിലൂടെ തപാൽ മടങ്ങുന്നത് ഒഴിവാക്കാനാകും. ഇടനിലക്കാരുടെ നമ്പർ ഒഴിവാക്കണം മോട്ടോർവാഹന വകുപ്പിലെ സേവനങ്ങൾ പൂർണമായും ഓൺലൈനായിട്ടും ഇടനിലക്കാരെ ആശ്രയിക്കുന്നവരുണ്ട്. ഇടനിലക്കാർ അവരുടെ മൊബൈൽ നമ്പറാണ് വാഹൻ സൈറ്റിൽ നൽകാറ്. അടയ്ക്കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങൾവരെ മൊബൈലിൽ അറിയാം. ഇതൊഴിവാക്കാനാണ് ഇടനിലക്കാർ സ്വന്തം നമ്പർ നൽകാറ്. അതിനാൽ രേഖകളിൽ സ്വന്തം നമ്പർതന്നെ ഉൾക്കൊള്ളിക്കുന്നെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.

HomeNewsവാഹന രേഖകള്‍ കൃത്യമാണെന്ന് ഉറപ്പാക്കാം, തിരുത്താം; വിരല്‍ത്തുമ്പില്‍ 'വാഹന്‍' ഓണ്‍ലൈന്‍ പോര്‍ട്ടൽ