ലഡാക്ക് സംഘര്‍ഷം: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, വിമര്‍ശവുമായി കോണ്‍ഗ്രസ്
ദേശീയം

ലഡാക്ക് സംഘര്‍ഷം: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, വിമര്‍ശവുമായി കോണ്‍ഗ്രസ്

📍 Mukkam, Kozhikode19 Jun 2020

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി തർക്കം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത മിക്ക പ്രതിപക്ഷ പാർട്ടികളും. എന്നാൽ വിലപ്പെട്ട സമയം നഷ്ടമായെന്നു പറഞ്ഞ കോൺഗ്രസ് ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ലഡാക്കിൽ വീരമൃത്യു വരിച്ച 20 സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സർവകക്ഷി യോഗം തുടങ്ങിയത്. യഥാർഥ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്ത മിക്ക പ്രതിപക്ഷ പാർട്ടികളും കേന്ദ്ര സർക്കാരിന് പിന്തുണ അറിയിച്ചതായി ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവും ബിജു ജനതാദൾ, സിക്കിം ക്രാന്തി മോർച്ച എന്നീ പാർട്ടികളും കോൺഗ്രസ് ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശം ഉന്നയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച വ്യക്തമായ നിലപാടാണ് ചൈനയെ ചൊടിപ്പിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു. ആത്മനിർഭർ ഭാരത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ ആഹ്വാനവും ചൈനയെ അസ്വസ്ഥരാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയിൽ പൂർണ വിശ്വാസമുണ്ടെന്ന് സിക്കിം ക്രാന്തി മോർച്ച നേതാവ് പ്രേം സിങ് തമാങ് പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പും സുപ്രധാന തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനൊപ്പം നിരുപാധികം ഉറച്ചു നിൽക്കുകയാണെന്ന് ബിജെഡി നേതാവ് പിങ്കി മിശ്ര പറഞ്ഞു. ഇന്ത്യയെ അമേരിക്കയുടെ ഒപ്പംകൂട്ടാൻ അവർ നടത്തുന്ന ശ്രമങ്ങൾ ചെറുക്കേണ്ടതുണ്ടെന്ന് സിപിഎം നേതാവ് ഡി രാജ പറഞ്ഞു. പഞ്ചശീല തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മിക്ക പാർട്ടികളും പ്രധാനമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സൈനികർ ആയുധം കൈവശം വെക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ രാജ്യാന്തര കരാറുകളുടെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നതെന്നും സുപ്രധാന കരാറുകൾ മാനിക്കപ്പെടണമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. വാണിജ്യ - നിക്ഷേപ മേഖലകളിൽ ചൈനയെ പ്രതിരോധിക്കാൻ വ്യക്തമായ പദ്ധതി വേണമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. രാഷ്ട്രീയം പറയാനുള്ള നേരമല്ല ഇതെന്നും പ്രധാനമന്ത്രിക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി. ചൈനയ്ക്കെതിരെ രാജ്യമെങ്ങും രോഷം പുകയുകയാണെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ പറഞ്ഞു. എന്നാൽ വിലപ്പെട്ട സമയം ഇന്ത്യ നഷ്ടപ്പെടുത്തിയെന്ന വിമർശം കോൺഗ്രസ് ഉന്നയിച്ചു. സൈനിക കമാൻഡർമാരുടെ യോഗങ്ങൾ നടന്ന മെയ് അഞ്ചിനും ജൂൺ ആറിനും ഇടയിൽ വിലപ്പെട്ട സമയം നമ്മൾ നഷ്ടപ്പെടുത്തിയെന്നാണ് കോൺഗ്രസ് കരുതുന്നതെന്ന് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ജൂൺ ആറിനുശേഷവും നയതന്ത്ര ചർച്ചകളും രാഷ്ട്രീയ ഇടപെടലുകളും നടത്തേണ്ടിയിരുന്നു. ഇനി എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നും അവർ ചോദിച്ചു. കോൺഗ്രസും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും സൈന്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി. ആർജെഡി, എഎപി, എഐഎംഐഎം എന്നീ പാർട്ടികളെ സർവകക്ഷി യോഗത്തിന് ക്ഷണിച്ചിരുന്നില്ല.

HomeNewsലഡാക്ക് സംഘര്‍ഷം: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, വിമര്‍ശവുമായി കോണ്‍ഗ്രസ്