
വിജയ് മല്യയുടെ ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്തില്ല; രജിസ്ട്രിയോട് സുപ്രീം കോടതി വിശദീകരണം തേടി
ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ ഹാജരാകണം എന്ന ഉത്തരവിനെതിരെ വിവാദ വ്യവസായി വിജയ് മല്യ നൽകിയ പുനഃപരിശോധന ഹർജി മൂന്ന് വർഷം ലിസ്റ്റ് ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ രജിസ്ട്രിയോട് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ്മാരായ യു.യു ലളിത്, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് രജിസ്ട്രിയോട് വിശദീകരണം തേടിയത്. മല്യയുടെ പുനഃപരിശോധനാ ഹർജിയുമായി ബന്ധപ്പെട്ട രേഖകകളും അവ കൈകാര്യം ചെയ്ത എല്ലാ ഉദ്യോഗസ്ഥരുടെ പേരുകളും കൈമാറണമെന്ന് രജിസ്ട്രിയോട് സുപ്രീം കോടതി നിർദേശിച്ചു. എസ്.ബി.ഐ ഉൾപ്പടെയുള്ള ബാങ്കുകൾ അടങ്ങിയ കൺസോർഷ്യം ആണ് വിജയ് മല്യയ്ക്കെതിരെ കോടതി ഉത്തരവ് നടപ്പിലാക്കാത്തതിന് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. കോടതി അലക്ഷ്യം ബോധ്യപ്പെട്ട സുപ്രീം കോടതി 2017 ജൂലൈ 10 ന് കോടതിക്ക് മുമ്പാകെ ഹാജരാകാൻ വിജയ് മല്യയോട് നിർദേശിച്ചിരുന്നു. 2017 മെയ് ഒമ്പതിനായിരുന്നു സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പടുവിച്ചത്. മെയ് ഒമ്പതിലെ ഉത്തരവ് ചോദ്യം ചെയ്ത് വിജയ് മല്യ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ പുനഃപരിശോധന ഹർജി സുപ്രീം കോടതി മൂന്ന് വർഷം ലിസ്റ്റ് ചെയ്തില്ല. ഇതെന്തുകൊണ്ടാണെന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ വിശദീകരിക്കാനാണ് ജസ്റ്റിസ് യു.യു ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. വിശദീകരണം ലഭിച്ച ശേഷം മല്യയുടെ പുനഃപരിശോധന ഹർജി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Home › News › വിജയ് മല്യയുടെ ഹര്‍ജി മൂന്ന് വര്‍ഷം ലിസ്റ്റ് ചെയ്തില്ല; രജിസ്ട്രിയോട് സുപ്രീം കോടതി വിശദീകരണം തേടി
