തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന്‌ ധാതുമണല്‍ നീക്കംചെയ്യാന്‍ കെ.എം.എം.എല്ലിന്‌ അനുമതി
സംസ്ഥാനം

തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന്‌ ധാതുമണല്‍ നീക്കംചെയ്യാന്‍ കെ.എം.എം.എല്ലിന്‌ അനുമതി

📍 Mukkam, Kozhikode19 Jun 2020

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്നു ധാതുമണല്‍ നീക്കംചെയ്യാന്‍ കെ.എം.എം.എല്ലിനു ഹൈക്കോടതിയുടെ അനുമതി. നീക്കംചെയ്യുന്ന മണല്‍ കെ.എം.എം.എല്ലിന്റെ പരിസരത്തു സൂക്ഷിക്കണം. തോട്ടപ്പള്ളിയില്‍നിന്നു കൊണ്ടുപോകുന്ന മണലിനു കണക്കു സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മണല്‍ കൊണ്ടുപോകുന്നതിനുള്ള സ്‌റ്റോപ്പ്‌ മെമ്മോ പിന്‍വലിെച്ചന്നു പുറക്കാട്‌ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുറക്കാട്‌ പഞ്ചായത്തിന്റെ സ്‌റ്റോപ്പ്‌ മെമ്മോ ലംഘിച്ചു കെ.എം.എം.എല്‍. കരിമണല്‍ കടത്തുന്നതിനെതിരേ സമരസമിതിക്കുവേണ്ടി എം.എച്ച്‌. വിജയന്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്‌. തോട്ടപ്പള്ളിയില്‍ നടക്കുന്നതു മണല്‍ഖനനം അല്ല, പൊഴി വീതി കൂട്ടുന്ന പ്രവൃത്തിയാണെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്‌തമാക്കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ പൊഴി വീതി കൂട്ടുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ എതിര്‍പ്പ്‌ പഞ്ചായത്തിന്റെ എതിര്‍പ്പായി കാണാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി മണല്‍ നീക്കം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. വിഷയത്തില്‍ സമഗ്രമായ സത്യവാങ്‌മൂലം നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ആവശ്യമെങ്കില്‍ കേന്ദ്ര ആണവോര്‍ജ കമ്മിഷനെ കേസില്‍ കക്ഷി ചേര്‍ക്കുമെന്നും വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ പഞ്ചായത്തിന്റെ സ്‌റ്റോപ്പ്‌ മെമ്മോ ശരിവച്ചു കരിമണല്‍ നീക്കം തടഞ്ഞിരുന്നു.

HomeNewsതോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന്‌ ധാതുമണല്‍ നീക്കംചെയ്യാന്‍ കെ.എം.എം.എല്ലിന്‌ അനുമതി