ജില്ലാ വാർത്തകൾ

വയനാട്ടിലേക്ക്​​ തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക്​ അനുമതി

📍 Mukkam, Kozhikode14 May 2020

തിരുവമ്പാടി: താമരശ്ശേരി ചുരത്തെ ആശ്രയിക്കാതെ വയനാട്ടിലെത്താനുള്ള എളുപ്പമാർഗമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതിൽ നിർണായക ചുവടുവെപ്പ്‌. പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പാതയുടെ പദ്ധതിരേഖ തയ്യാറാക്കലും നിർമാണവും രണ്ടുവർഷം മുമ്പ് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ഏൽപ്പിച്ചിരുന്നു. ഭരണാനുമതി ലഭിച്ചതോടെ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ആയിരം കോടി രൂപയെങ്കിലും പദ്ധതിക്ക് ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനത്തിലൂടെ കടന്നുപോകുന്ന അഞ്ചരക്കിലോമീറ്റർ ഭാഗത്താണ് തുരങ്കം വേണ്ടിവരുക. വനഭൂമി നഷ്ടപ്പെടുത്താതെയും ഒരുമരം പോലും മുറിക്കാതെയും ടണൽറോഡ് യാഥാർഥ്യമാക്കാനാകുമെന്ന് മുൻസർക്കാരിന്റെ കാലത്ത് പ്രാഥമികപഠനം നടത്തിയ ടണലിങ് സർവേ ഏജൻസിയായ റൂബി സോഫ്റ്റ് കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സർക്കാർ വന്നതിനുശേഷം ആദ്യബജറ്റിൽത്തന്നെ 20 കോടി പ്രാഥമികനടപടികൾക്ക് അനുവദിച്ചു. തുടർന്നാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷനെ തുടർപ്രവർത്തനങ്ങൾ ഏൽപിക്കുന്നത്. വനഭൂമി വിട്ടുകിട്ടുന്നതിലെ തടസ്സംമൂലം ഈ റോഡിന് മുപ്പതുവർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ശ്രമങ്ങൾ എവിടെയുമെത്തിയിരുന്നില്ല. ഇതോടെയാണ് ടണൽ റോഡ് എന്ന ആശയം ഉയർന്നുവന്നത്. കോഴിക്കോട് ജില്ലയിൽ മറിപ്പുഴവരെയും വയനാട് ഭാഗത്ത് കള്ളാടി തൊള്ളായിരം എസ്റ്റേറ്റ് വരെയും നേരത്തേതന്നെ റോഡ് പൂർത്തിയാക്കിയിരുന്നു. മറിപ്പുഴമുതൽ വനാതിർത്തിയായ സ്വർഗംകുന്ന് വരെ പഴയ കൂപ്പ്‌റോഡുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്ന് മുതൽ കള്ളാടി തൊള്ളായിരം എസ്റ്റേറ്റ് വരെയാണ് വനമുള്ളത്. ഈ ഭാഗത്താണ് തുരങ്കം നിർമിക്കേണ്ടിവരുക. റോഡ് യാഥാർഥ്യമായാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്ന് 16 കിലോമീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താനാകും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ടൂറിസം പദ്ധതികൾക്കും പദ്ധതി ഏറെ പ്രയോജനപ്പെടും. മൂന്ന് ജില്ലകൾക്കിടയിലെ യാത്രയും ചരക്കുനീക്കവും എളുപ്പത്തിലാക്കുന്നതാണ് തുരങ്കപാത. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കർണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. തുരങ്കവുമായി ബന്ധിപ്പിക്കുന്ന അനുബന്ധറോഡുകളുടെ നവീകരണം ഇപ്പോൾ നടന്നുവരുകയാണ്.

HomeNewsവയനാട്ടിലേക്ക്​​ തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക്​ അനുമതി