
വിവാദം, വിമർശനം, പ്രതിഷേധം ; ഒടുവിൽ ‘ഇനിയേസ്റ്റ’യെ വസ്ത്രം ധരിപ്പിച്ചു
മഡ്രിഡ് : സ്പെയിനിന്റെ ലോകകപ്പ് കിരീടധാരണത്തിന്റെ പത്താം വാർഷികത്തിൽ, ടീമിന്റെ വിജയഗോൾ നേടിയ സൂപ്പർതാരം ആന്ദ്രെ ഇനിയേസ്റ്റയെ ആദരിക്കാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തയാറാക്കിയ പ്രതിമ വിവാദത്തിൽ. താരം ഫൈനലിൽ ഗോൾ നേടുന്ന രൂപത്തിൽ തയാറാക്കിയ പ്രതിമയാണ് ആരാധകരുടെ വിമർശനം ക്ഷണിച്ചുവരുത്തിയത്. താരത്തിന്റെ പ്രതിമ മികച്ച രീതിയിൽ തയാറാക്കിയെങ്കിലും അതു പൂർണ നഗ്നമായിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരാധകർ ഇളകിയത്.വിമർശനം കനത്തതോടെ ശിൽപത്തിന്റെ അണിയറ പ്രവർത്തകർ, താരത്തെ വസ്ത്രമിടുവിച്ച് തടിയൂരി. ഇതിനു പിന്നാലെ സാക്ഷാൽ ഇനിയേസ്റ്റ തന്നെ നന്ദിയറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷിക ദിനമായ ജൂലൈ 10–നാണ് ആഘോഷങ്ങളുടെ ഭാഗമായി താരത്തിന്റെ പൂർണകായ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ അൽബാസെറ്റിയിൽ അനാച്ഛാദനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നെന്ന നിലയിൽ ലോകകപ്പ് വിജയാഘോഷം അടുത്ത വർഷത്തേക്ക് നീട്ടുവയ്ക്കുകയായിരുന്നു. ഇതോടെ, പ്രതിമ അനാച്ഛാനം ചെയ്യുന്നതും 2021ലേക്കു നീട്ടി. ഇക്കാര്യം അറിയിച്ച് അൽബാസെറ്റി സിറ്റി കൗൺസിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് താരത്തിന്റെ നഗ്നശിൽപം ഇടംപിടിച്ചത്. ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ തങ്ങളുടെ പ്രിയതാരത്തെ നഗ്നനാക്കി അവതരിപ്പിച്ച സിറ്റി കൗൺസിലിനെതിരെ കടുത്ത പ്രതിഷേധമുയർന്നു. സംഭവം വിവാദമായതോടെ ശിൽപത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന സോളിസ് ആർട്സ് ഫൗണ്ടേഷൻ ഇടപെട്ട് ശിൽപത്തെ വസ്ത്രമണിയിച്ചു. ഇനിയേസ്റ്റയുടെ ശിൽപം നിർമിച്ച ഹവിയർ മോളിനയെ ദൗത്യമേൽപ്പിച്ചത് സോളിസ് ആർട്സ് ഫൗണ്ടേഷനായിരുന്നു. വസ്ത്രമണിയിക്കുക മാത്രമല്ല, പ്രതിമയുടെ നിർമാണ സമയത്ത് പകർത്തിയ ചിത്രമാണ് ഇതെന്ന് വിശദീകരിക്കുകയും ചെയ്തു. ‘എന്നെ വസ്ത്രമിടുവിച്ചതിന് നന്ദി’ എന്ന് ഇനിയേസ്റ്റ തന്നെ നേരിട്ട് ട്വീറ്റ് ചെയ്തതോടെ വിവാദം കെട്ടടങ്ങി.
Home › News › വിവാദം, വിമർശനം, പ്രതിഷേധം ; ഒടുവിൽ ‘ഇനിയേസ്റ്റ’യെ വസ്ത്രം ധരിപ്പിച്ചു
