
കന്നുകാലികളുടെ എല്ലാ വിവരവും ഇനി മൈക്രോചിപ്പിൽ
കൊല്ലം : കന്നുകാലികളുടെ വിവരങ്ങൾ മൈക്രോചിപ്പിൽ രേഖപ്പെടുത്തി അവയുടെ ശരീരത്തിനുള്ളിൽതന്നെ സൂക്ഷിക്കാനുള്ള സംവിധാനം ഉടൻ തുടങ്ങുന്നു. മനുഷ്യർക്ക് ആധാർ കാർഡ് എന്ന പോലെ മൃഗങ്ങൾക്കുള്ള തിരിച്ചറിയൽ രേഖയാവും ഇത്. ഇത് സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുമായുള്ള ചർച്ചകൾ പൂർത്തിയായി. പ്രാരംഭഘട്ടമായി തിരുവനന്തപുരം ജില്ലയിലായിരിക്കും പദ്ധതി. പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. നേരത്തെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി നോക്കിയിരുന്നു. 20.8 കോടി രൂപ മുടക്കി കേരള പുനർനിർമാണ പദ്ധതിയിൽപ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഇപ്പോൾ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോൾ ഇത്തരം വിവരങ്ങൾ അടങ്ങിയ നമ്പർ പ്ളാസ്റ്റിക് കമ്മൽ രൂപത്തിൽ കന്നുകാലികളിൽ ഘടിപ്പിക്കുന്നുണ്ട്. ഈ നമ്പർ പ്രകാരം നോക്കിയാൽ ആ കന്നുകാലിയുടെ വിവരങ്ങൾ കിട്ടും. ഇങ്ങിനെ 4.8 ലക്ഷം ക്ഷീരകർഷകർ ജിയോമാപ്പിങ്ങിനു കീഴിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഇനി 25 ലക്ഷം ക്ഷീരകർഷകർ ജിയോ മാപ്പിങ്ങിനു കീഴിൽ വരും. ഉടമസ്ഥൻ, വംശം, കുത്തിവെപ്പുകൾ, ഇൻഷുറൻസ്, ഏത് പദ്ധതി പ്രകാരം ലഭിച്ചത് തുടങ്ങിയ വിവരങ്ങൾ മൈക്രോചിപ്പിൽ ഉൾപ്പെടുത്തി. ഇത് കന്നുകാലികളുടെ ചെവിയുടെ പിന്നിൽ കഴുത്തിനു സമീപം തൊലിക്കടിയിലാണ് സ്ഥാപിക്കുക. മൈക്രോ ചിപ്പ് റീഡർ ഉപയോഗിച്ച് കന്നുകാലിയുടെ എല്ലാ വിവരങ്ങളും എളുപ്പം മനസ്സിലാക്കാം. 17000 രൂപ വിലവരുന്ന 4000 റീഡറുകളും പദ്ധതി പ്രകാരം വാങ്ങുന്നുണ്ട്. പ്ളാസ്റ്റിക് കമ്മലുകൾ മുറിച്ചുമാറ്റി വേറെ ഘടിപ്പിക്കാമെങ്കിലും മൈക്രോചിപ്പ് മാറ്റാൻ മൃഗഡോക്ടറുടെ സേവനംതന്നെ വേണ്ടിവരും. അതിനാൽ തട്ടിപ്പിനുള്ള സാധ്യത കുറയും. രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് സഹായകം, ദുരന്തനിവാരണവേളയിൽ പ്രയോജനപ്രദം, തട്ടിപ്പ് ഇല്ലാതാക്കൽ എന്നിവയാണ് ഇതിന്റെ ഗുണവശങ്ങളായി കാണുന്നത്. മൈക്രോചിപ്പുകൾക്ക് 7.5 കോടി, റീഡർ 6.8 കോടി. ഹാർഡ് വേർ-രണ്ട് കോടി, സോഫ്റ്റ്വേർ െഡവലപ്മെന്റ്-ഒരുകോടി, പ്രതിഫലം 2.5 കോടി, ഡാറ്റാ എൻട്രി ചെലവും അനുബന്ധകാര്യങ്ങളും ഒരു കോടി എന്നിങ്ങനെയാണ് 20.8 കോടി മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Home › News › കന്നുകാലികളുടെ എല്ലാ വിവരവും ഇനി മൈക്രോചിപ്പിൽ
