
ഗാൽവനിൽ ആക്രമണത്തിന് ഉത്തരവിട്ടത് ജനറൽ ഷാവോ സോൻഗിയെന്ന് യു.എസ്. റിപ്പോർട്ട്
വാഷിങ്ടൺ: ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാൻ ചൈനീസ് ജനറൽ സേനാംഗങ്ങൾക്ക് അധികാരം നൽകിയെന്നും തുടർന്നാണ് ഇരുരാജ്യവും തമ്മിലുള്ള രക്തച്ചൊരിച്ചിലുണ്ടായതെന്നും യു.എസ്. രഹസ്യാന്വേഷണവിഭാഗം. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡ് മേധാവി ജനറൽ ഷാവോ സോൻഗിയാണ് വടക്കൻ ഇന്ത്യയുടെയും തെക്കുവടക്കൻ ചൈനയുടെയും തർക്കപ്രദേശത്ത് സൈികനീക്കത്തിനുള്ള ഉത്തരവ് നൽകിയതെന്ന് പേരു വെളിപ്പെടുത്താനാവാത്ത വൃത്തങ്ങൾ സൂചിപ്പിച്ചതായി രഹസ്യാന്വേഷണവിഭാഗം അറിയിച്ചു. ആക്രമണം ബെയ്ജിങ്ങിന് വലിയ തിരിച്ചടിയായതായാണ് അമേരിക്കൻ ഏജൻസിയുടെ വിലയിരുത്തൽ. ഭാവിയിൽ ഇന്ത്യയുമായുള്ള സന്ധിസംഭാഷണങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും സംഭവം ഇന്ത്യയെ അമേരിക്കയുമായി കൂടുതൽ അടുപ്പിക്കുന്ന തരത്തിലേക്ക് നീങ്ങിയെന്നും അവർ അഭിപ്രായപ്പെടുന്നു. ചൈനീസ് കമ്പനിയായ വാവേയ്ക്ക് 5ജി സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കാനുള്ള അനുമതി നൽകരുതെന്ന് മാസങ്ങളോളം അമേരിക്ക ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. ജൂൺ 15-ലെ സംഭവങ്ങൾക്കുപിന്നാലെ ചൈനീസ് സാമൂഹിക മാധ്യമമായ ടിക്ടോക് വ്യാപകമായി ഒഴിവാക്കിയതായും ചൈനീസ് ഫോണുകൾ നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ 15 സംഭവങ്ങൾ ചൈന ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ് ചൈനയ്ക്ക് നൽകിയതെന്നാണ് മനസ്സിലാക്കുന്നതെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിന് സംഭവത്തിൽ പങ്കുണ്ടോ എന്നകാര്യം അവ്യക്തമാണെന്നും റിപ്പോർട്ട് പറയുന്നു.
Home › News › ഗാൽവനിൽ ആക്രമണത്തിന് ഉത്തരവിട്ടത് ജനറൽ ഷാവോ സോൻഗിയെന്ന് യു.എസ്. റിപ്പോർട്ട്
