അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന; പാംഗോങ് തടാകത്തിന് സമീപം ഹെലിപാഡ് നിര്‍മിക്കുന്നു
ദേശീയം

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന; പാംഗോങ് തടാകത്തിന് സമീപം ഹെലിപാഡ് നിര്‍മിക്കുന്നു

📍 Mukkam, Kozhikode27 Jun 2020

ന്യൂഡൽഹി:അതിർത്തിയിൽ ചൈനീസ് സൈനികർ പ്രകോപനം തുടരുന്നു. പാംഗോങ് തടാകത്തിന് സമീപം ഫിംഗർ നാല് പ്രദേശത്ത് ചൈന ഹെലിപാഡ് നിർമ്മാണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പാംഗോങ് തടാകത്തിന്റെ തെക്കൻ തീരങ്ങളിൽ ചൈന സൈനിക സാന്നിധ്യവും കൂട്ടി. ഇതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ മേഖലയിൽ നേരത്തെ താത്കാലിക ടെന്റുകൾ നിർമ്മിച്ച ചൈന ഇപ്പോൾ കോൺക്രീറ്റ് ഉപയോഗിച്ചുള്ള സ്ഥിരം കേന്ദ്രങ്ങൾ നിർമിക്കാൻ ആരംഭിച്ചതായാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ ആയുധങ്ങൾ സൈനിക വാഹനങ്ങൾ എന്നിവയും ഈ പ്രദേശത്തേക്ക് ചൈന എത്തിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് സമീപമുള്ള മേഖലയിൽ ഇന്ത്യൻ പട്രോളിങ് സംഘത്തെ ചൈനീസ് സൈനിക സംഘം തടസ്സപ്പെടുത്താനും ശ്രമമുണ്ടായി.ഫിംഗർ രണ്ടിലേക്ക് പിൻമാറണമെന്ന് ഇന്ത്യൻ സൈനികരോട് ചൈനീസ് സേന ആവശ്യപ്പെട്ടതായാണ് വിവരം. സമാധാന ചർച്ചകൾ നടക്കുന്നതിനിടെ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയും ഈ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി. ഐടിബിപി, കരസേന ഉൾപ്പെടെ 45000ത്തോളം സൈനികരെ പ്രദേശത്ത് വിന്യസിക്കാനാണ് ഇന്ത്യയും തയ്യാറെടുക്കുന്നത്.

HomeNewsഅതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന; പാംഗോങ് തടാകത്തിന് സമീപം ഹെലിപാഡ് നിര്‍മിക്കുന്നു