
ഒരു കോടി കടന്ന് കോവിഡ് ബാധിതര്‍; അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി
വാഷിങ്ടൺ: ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവൻ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് അത് ബാധിച്ചവർ ഒരു കോടി കടന്നിരിക്കുന്നതും അഞ്ച് ലക്ഷം പേർ മരിക്കുകയും ചെയ്തിട്ടുള്ളത്. ഇത്രയായിട്ടും വൈറസിന്റെ വ്യാപനം വർധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ചൈനയിലെ വുഹാൻ മത്സ്യ-മാംസ ചന്തയിൽ നിന്ന് പകർന്ന് ലോകംമുഴുവൻ പരിഭ്രാന്തിയിലാഴ്ത്തുന്നത് തുടരുന്ന കൊറോണവൈറസ് 185 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചിട്ടുണ്ട്. 1.28 ലക്ഷം പേർ ഇതിനോടകം മരിച്ചു. തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 13.15 ലക്ഷം പേർക്ക് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ മൂന്നാമത് റഷ്യയും തൊട്ടുപിന്നിൽ ഇന്ത്യയുമാണ്. റഷ്യയിൽ 6.27 ലക്ഷം പേരിൽ വൈറസ് എത്തിയിട്ടുണ്ട് ഇതുവരെ. ഇന്ത്യയിൽ 5.2 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം ദിനംപ്രതിയുള്ള രോഗികളുടെ വർധനവിലും മരണത്തിലും റഷ്യയേക്കാൾ മുന്നിലാണ് ഇന്ത്യ എന്നത് ആശങ്ക പരത്തുന്നുണ്ട്. ഒമ്പതിനായിരത്തോളം പേരാണ് റഷ്യയിൽ രോഗം പിടിപെട്ട് മരിച്ചത്. ഇന്ത്യയിൽ കോവിഡ് മരണങ്ങൾ ഇതിനോടകം 15,000 കടന്നു.
Home › News › ഒരു കോടി കടന്ന് കോവിഡ് ബാധിതര്‍; അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി
