കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസം തുടരാനാണ് സാധ്യത. വിവിധ ജില്ലകളിൽ കാലാവസ്ഥ നീരീക്ഷണ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 26-ന് ഇടുക്കി, 27-ന് കോട്ടയം, 28-ന് പത്തനംതിട്ട, 29-ന് കോട്ടയം, 30-ന് വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്. ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണെന്നും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല 26-04-2020-അടുത്ത 24 മണിക്കൂറിൽ തെക്കു-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.ആയതിനാൽ കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.26-04-2020 & 27-04-2020 : ആന്ധ്രാ തീരത്തും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Home › News › കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
