സുരക്ഷിതമായ കോവിഡ് വാക്‌സിനിലേക്ക് ഇനി ആറു മാസത്തെ കാത്തിരിപ്പ്
ദേശീയം

സുരക്ഷിതമായ കോവിഡ് വാക്‌സിനിലേക്ക് ഇനി ആറു മാസത്തെ കാത്തിരിപ്പ്

📍 Mukkam, Kozhikode10 Jul 2020

ഇന്ത്യയില്‍ കോവിഡ് 19 കേസുകള്‍ പെരുകുമ്പോള്‍ സുരക്ഷിതമായ വാക്‌സിന്‍ രാജ്യത്ത് ലഭ്യമാകാന്‍ ആറു മാസത്തെ കാത്തിരിപ്പെങ്കിലും വേണ്ടി വരുമെന്ന് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്‌സഫ് സര്‍വകലാശാലയുമായി വാക്‌സിന്‍ നിര്‍മാണത്തില്‍ കൈകോര്‍ക്കുന്ന സ്ഥാപനമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യയ്ക്കും മറ്റ് വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്കും വേണ്ടി വാക്‌സിന്‍ ഡോസുകള്‍ നിര്‍മിക്കുന്നതിന് 100 ദശലക്ഷം ഡോളറാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്‌സഫഡിന്റെ ഗവേഷണത്തിന് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ നിലവില്‍ മുന്‍നിരയിലുള്ളത് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ChAdOx1 nCoV-19 വാക്‌സിനാണ്. ഇതിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബ്രസീല്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ ആശുപത്രികളില്‍ ആരംഭിച്ചിരുന്നു. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ നിര്‍മിച്ച് കഴിഞ്ഞാല്‍ മാത്രമേ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നും ഇക്കാര്യത്തില്‍ തങ്ങള്‍ ധൃതി പിടിക്കുന്നില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അറിയിച്ചു. ഹൈദരാബാദ് അടിസ്ഥാനമായ ഭാരത് ബയോടെക്കുമായി ചേര്‍ന്ന് നിര്‍മിക്കുന്ന വാക്‌സിന്‍ ഓഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസ്താവന വിവാദമായിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയ്ക്ക് പുറമേ അമേരിക്കന്‍ ബയോടെക് കമ്പനി കൊഡാജെനിക്‌സ്, ഓസ്ട്രിയന്‍ ബയോടെക് കമ്പനി തെമിസ് ബയോസന്‍സ് എന്നിവയുമായും സെറംഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ വികസനത്തിന് സഹകരിക്കുന്നുണ്ട്.

HomeNewsസുരക്ഷിതമായ കോവിഡ് വാക്‌സിനിലേക്ക് ഇനി ആറു മാസത്തെ കാത്തിരിപ്പ്