സംസ്ഥാനം

കേരളത്തിൽ പല സ്ഥലങ്ങളിലും ഇടിമിന്നലും ശക്തമായ മഴയും; അങ്കമാലിയിൽ ഇടിമിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു.

📍 Mukkam, Kozhikode26 Apr 2020

തിരുവനന്തപുരം: കേരളത്തിൽ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. മലബാർ മേഖലയിൽ ഉച്ചയോട് കൂടി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലാണ് കൂടുതൽ മഴ.ചെറിയ മഴ പെയ്തപ്പോഴേക്കും നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മധ്യകേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. വേനൽമഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെയും 29 നും കോട്ടയത്ത് യെല്ലോ അലേർട്ടാണ്. ഏപ്രിൽ 28ന് പത്തനംതിട്ടയിലും 30ന് വയനാടും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. തെക്കു-കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിമി വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്. ഇന്ന് അങ്കമാലിയിൽ ഇടിമിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു. അങ്കമാലി മൂക്കന്നൂർ തെക്കേ അട്ടാറ കോറാട്ടുകുടി അമ്മിണി (64)ആണ് മരിച്ചത്. പശുവിനെ അഴിച്ചു കെട്ടാൻ പോകുന്നതിനിടെ വീടിന് സമീപമുള്ള പറമ്പിൽ വച്ച് ഇടിമിന്നലേൽക്കുകയായിരുന്നു.

HomeNewsകേരളത്തിൽ പല സ്ഥലങ്ങളിലും ഇടിമിന്നലും ശക്തമായ മഴയും; അങ്കമാലിയിൽ ഇടിമിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു.