
പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍; അവസാനഘട്ട പരീക്ഷണം ഉടൻ
ന്യൂയോർക്ക്: യുഎസ് നാഷണൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ഒന്നാം ഘട്ടത്തിൽ ഫലം കാണുന്നതായി പഠനം. ഒന്നാം ഘട്ടത്തിൽ എല്ലാ സന്നദ്ധപ്രവർത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് വാക്സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. നേരിയ പാർശ്വഫലങ്ങളോടെ വാക്സിൻ രോഗപ്രതിരോധ പ്രതികരണത്തിന് പ്രവർത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്. വാക്സിൻ കുത്തിവെച്ചപ്പോൾ ക്ഷീണം, വിറയൽ, തലവേദന, പേശികളിൽ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാർശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ മാസം അവസാനത്തോടെ വാക്സിന്റെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ ലഭ്യമാക്കണോ എന്ന് അധികൃതർ പരിഗണിക്കുന്നതിന് മുമ്പുള്ള അവസാന പരീക്ഷണമായിരിക്കുമത്. പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കിൽ പ്രതിവർഷം തങ്ങൾക്ക് 500 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് മൊഡേണ പ്രസ്താവനയിൽ അറിയിച്ചു. 2021 മുതൽ പ്രതിവർഷം ഒരു ബില്ല്യൺ ഡോസുകൾ വിതരണം ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കി. വാക്സിന്റെ ഒന്നാം ഘട്ടത്തിൽ സുരക്ഷയും രോഗപ്രതിരോധ പ്രതികരണങ്ങളും പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഡോ.ലിസ ജാക്സൺ പറഞ്ഞു. പഠനത്തിൽ ഉൾപ്പെട്ട സിയാറ്റിലിലെ കൈസർ പെർമനന്റ് വാഷിംഗ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകയാണിവർ. യഥാർത്ഥത്തിലുള്ള ഫലപ്രാപ്തി പരീക്ഷണം നടത്തിയതിന് ശേഷമേ വാക്സിൻ കോവിഡിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകുമോ എന്ന കാര്യം പറയാനാകുകയുള്ളുവെന്നും അവർ വ്യക്തമാക്കി. അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനുള്ള ട്രയൽ ഞങ്ങൾ നടത്തിവരികയാണെന്നും ലിസ ജാക്സൺ പറഞ്ഞു. ജൂലായ് 27 മുതൽ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കാനാണ് മൊഡേണ ലക്ഷ്യമിടുന്നത്. കോവിഡ് വാക്സിൻ നിർമാണത്തിൽ ആദ്യമായിട്ടാണ് അമേരിക്കയിൽ ഒരു കമ്പനി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ഒന്നാം ഘട്ട പഠനത്തിൽ സാധാരണഗതിയിൽ കുറച്ച് ആളുകളെ പഠിക്കുകയും വാക്സിൻ സുരക്ഷിതമാണോയെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രോഗപ്രതിരോധ പ്രതികരണം പരിശോധിക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ, ക്ലിനിക്കൽ പഠനം വിപുലീകരിക്കുകയും പ്രായം, ശാരീരിക ആരോഗ്യം എന്നിവ പോലുള്ള സ്വഭാവ സവിശേഷതകൾ ഉള്ള ആളുകൾക്ക് വാക്സിൻ നൽകുകയും ചെയ്യുന്നു. മൂന്നാംഘട്ടത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വാക്സിൻ നൽകി ഫലപ്രാപ്തി പരിശോധിക്കും. കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്യുംലിസ ജാക്സൺ പറഞ്ഞു.
Home › News › പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍; അവസാനഘട്ട പരീക്ഷണം ഉടൻ
