ആയുധങ്ങള്‍ വാങ്ങുന്നതിന് സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍
ദേശീയം

ആയുധങ്ങള്‍ വാങ്ങുന്നതിന് സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

📍 Thenhipalam, Malappuram15 Jul 2020

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാൻ സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകി കേന്ദ്ര സർക്കാർ. 300 കോടി രൂപയ്ക്കുവരെ ആയുധങ്ങൾ വാങ്ങാൻ സായുധ സേനകൾക്ക് അധികാരം നൽകിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് സുപ്രധാന തീരുമാനം. ഓർഡർ നൽകി 12 മാസങ്ങൾക്കകം സൈന്യത്തിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന തരത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കാനാണ് നീക്കം. ഓർഡർ നടപടികൾആറു മാസത്തിനകം പൂർത്തിയാക്കുകയും ആയുധങ്ങൾ ഒരു വർഷത്തിനകം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. എത്രതവണ ആയുധങ്ങൾ വാങ്ങാം എന്നതിന് പരിധി നിശ്ചയിക്കില്ല. 300 കോടിക്കോ അതിനു താഴെയോഉള്ള നിരവധി ഓർഡറുകൾ സായുധ സേനകൾക്ക് നൽകാം. ലഡാക്ക് അടക്കമുള്ള അതിർത്തി മേഖലകളിലെ സുരക്ഷ ശക്തമാക്കുന്ന കാര്യം ചർച്ചചെയ്യാനാണ് ഡിഎസിയുടെ അടിയന്തര യോഗം ചേർന്നതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 38,900 കോടിരൂപ ചിലവാക്കി 33 യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും അടക്കമുള്ളവ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഈമാസം ആദ്യം പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. റഷ്യയിൽനിന്ന് 21 മിഗ് 29 വിമാനങ്ങളും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽനിന്ന് 12 സുഖോയ് 30 വിമാനങ്ങളും അടക്കമുള്ളവ വാങ്ങുന്നതിനാണ് അനുമതി നൽകിയത്. ഇന്ത്യാ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിന് പിന്നാലെ ലഡാക്ക് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന്റെ ആധുനികവത്കരണത്തിന് സർക്കാർ മുഖ്യ പരിഗണനയാണ് നൽകുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങളിൽനിന്ന് ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കി പ്രതിരോധ ഉപകരണങ്ങളുടെ നിർമാണം രാജ്യത്തുതന്നെ നടത്തുമെന്നും കോവിഡ് മഹാമാരിമൂലം മാന്ദ്യം നേരിട്ട സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

HomeNewsആയുധങ്ങള്‍ വാങ്ങുന്നതിന് സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍