റിലയൻസ് ഡീസലും പെട്രോളും ഉപേക്ഷിക്കുമോ? മുകേഷ് അംബാനിയുടെ പ്രഖ്യാപനം വൻ മാറ്റത്തിന്റേത്
ദേശീയം

റിലയൻസ് ഡീസലും പെട്രോളും ഉപേക്ഷിക്കുമോ? മുകേഷ് അംബാനിയുടെ പ്രഖ്യാപനം വൻ മാറ്റത്തിന്റേത്

📍 Thenhipalam, Malappuram19 Jul 2020

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ ഓപ്പറേറ്ററായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡീസൽ, പെട്രോൾ തുടങ്ങിയ ഗതാഗത ഇന്ധനങ്ങളുടെ വിൽപ്പനയ്ക്ക് പകരം പ്രകൃതിദത്ത ബദൽ മാർഗങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ, ഗതാഗതത്തിനുള്ള ഹൈഡ്രജൻ ഇന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനി ഈ ഇന്ധനങ്ങളെ പെട്രോകെമിക്കലുകളാക്കി മാറ്റുമെന്ന് ചെയർമാൻ മുകേഷ് അംബാനി  വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് പറഞ്ഞിരുന്നു. ഗതാഗത ഇന്ധനങ്ങളെ വിലയേറിയ പെട്രോകെമിക്കൽ, മെറ്റീരിയൽ ബിൽഡിങ് ബ്ലോക്കുകളാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ റിലയൻസിനുണ്ടെന്ന് ഏഷ്യയിലെ ഏറ്റവും ധനികനും ഇന്ത്യയിലെ വലിയ കമ്പനിയുടെ മേധാവിയുമായ അംബാനി പറഞ്ഞു. അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉപയോക്താവായി റിലയൻസ് തുടരും. എങ്കിലും പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ഉപയോഗപ്രദമായ ഉൽ‌പന്നങ്ങളായും രാസവസ്തുക്കളായും മാറ്റുന്നതിന് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണെന്ന് അംബാനി വ്യക്തമാക്കി. ഗതാഗത ഇന്ധനങ്ങൾക്ക് പകരം വൈദ്യുതിയും ഹൈഡ്രജനും ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കുമെന്നാണ് അംബാനി പറഞ്ഞതിന്റെ ചുരുക്കം. ഡിജിറ്റൽ, ഊർജ, ഇലക്ട്രോണിക്സ്, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, ഇലക്ട്രോകെമിസ്ട്രി എന്നിവയിലെ റിലയൻസിന്‍റെ കൈവശമുള്ള സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് രാജ്യത്ത് ഫുൾ-സ്റ്റാക്ക് ഇലക്ട്രോലൈസർ, ഇന്ധന സെൽ എന്നിവ നിർമിക്കുമെന്നാണ് വാഗ്ദാനം. ടെലികമ്മ്യൂണിക്കേഷനിലേക്കും ഇ-കൊമേഴ്‌സിലേക്കും റിലയൻസ് മാറിയെങ്കിലും, ഫോസിൽ ഇന്ധനങ്ങളുടെ അടിത്തറയിൽ നിർമിച്ച കമ്പനിക്ക് ഇത് വലിയ മാറ്റമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ജാംനഗർ ശുദ്ധീകരണ സമുച്ചയത്തിൽ നിന്ന് പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനങ്ങൾ എന്നിവ രാജ്യത്തുടനീളം എത്തിക്കുകയും അമേരിക്കയിലേക്കും കിഴക്കൻ ഏഷ്യയിലേക്കും വ്യാപിച്ചുകിടക്കുന്ന വിപണികളിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഡീസലും പെട്രോളും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാർബൺഡൈ ഓക്സൈഡ് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ധനമാക്കി മാറ്റും. ജാം‌ംനഗറിലെ പ്ലാന്‍റിൽ കാർബൺഡൈ ഓക്സൈഡ് ഉയർന്ന മൂല്യമുള്ള പ്രോട്ടീനുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, നൂതന വസ്തുക്കൾ, ഇന്ധനങ്ങൾ എന്നിവയാക്കി മാറ്റുന്നതിനുള്ള പരീക്ഷണങ്ങൾ‌ ഇതിനകം തന്നെ സജീവമായി നടക്കുന്നുണ്ടെന്നും അംബാനി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന ആഗോള കമ്പനികൾക്കൊപ്പം നിൽക്കാനുള്ള നീക്കമാണ് റിലയൻസിന്റേത്. 2035 ഓടെ നെറ്റ് കാർബൺ ഫ്രീ ആക്കി മാറ്റുമെന്നാണ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം ശുദ്ധമായ ഇന്ധനങ്ങളിലേക്കാണ് നീങ്ങുന്നത്, റിലയൻസ് ഈ ദൗത്യത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു എന്നാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്റെ പ്രാദേശിക യൂണിറ്റായ ക്രെഡിറ്റ് അസെസർ ഐസി‌ആർ‌എ ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റ് കെ. രവിചന്ദ്രൻ അഭിപ്രായപ്പെട്ടത്. വായുമലിനീകരണം കുറയ്ക്കാൻ എണ്ണയെയും കൽക്കരിയെയും ആശ്രയിക്കുന്നതിൽ നിന്ന് തന്റെ രാജ്യത്തെ മാറ്റിനിർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതാണ് അംബാനിയുടെ പുതിയ കാഴ്ചപ്പാടെന്ന് വ്യക്തമാണ്. ഇന്ത്യയിലെ ഗതാഗത ഇന്ധനങ്ങളായി ഹൈഡ്രജൻ, വൈദ്യുതി എന്നിവയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള വളരെ ധീരവും മുന്നോട്ടുള്ളതുമായ പ്രസ്താവനയാണിതെന്ന് സാൻഫോർഡ് സി. ബെർൺസ്റ്റൈനിലെ സീനിയർ റിസോഴ്‌സ് അനലിസ്റ്റ് നീൽ ബെവറിഡ്ജ് പറഞ്ഞു. എണ്ണ-രാസവസ്തുക്കളുടെ പരിവർത്തനത്തിന്റെ അവസാനത്തിൽ റിഫൈനറികൾ ജെറ്റ് ഇന്ധനവും പെട്രോകെമിക്കലുകളും മാത്രമേ ഉൽ‌പാദിപ്പിക്കൂവെന്ന് പ്രവചിച്ചുകൊണ്ട് റിലയൻസ് കഴിഞ്ഞ വർഷം ഇത്തരമൊരു മാറ്റം സൂചിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ ചില റിഫൈനറികൾ ഉൽ‌പാദിപ്പിക്കുന്ന ഫീഡ്സ്റ്റോക്കുകളിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഉൽ‌പ്പന്നങ്ങൾ നിർമിക്കുന്നതിനായി കമ്പനി പെട്രോകെമിക്കൽ പ്ലാന്റുകൾ വികസിപ്പിക്കുന്നതിന് കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ട്

HomeNewsറിലയൻസ് ഡീസലും പെട്രോളും ഉപേക്ഷിക്കുമോ? മുകേഷ് അംബാനിയുടെ പ്രഖ്യാപനം വൻ മാറ്റത്തിന്റേത്