കോവിഡ് ബാധിതര്‍ 82 ലക്ഷം കടന്നു; യുഎസില്‍ ഒന്നാം ലോകമഹായുദ്ധത്തിലേതിനേക്കാള്‍ കൂടുതല്‍പേര്‍ മരിച്ചു
ന്യൂയോർക്ക്: കൊറോണവൈറസ് മഹാമാരിയിൽ അമേരിക്കയിൽ ഒന്നാം ലോകമഹായുദ്ധത്തിലുണ്ടായതിനേക്കാൾ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 740 പേർ മരിച്ചതടക്കം കോവിഡ് ബാധിച്ച് യുഎസിൽ ഇതുവരെ 116,854 പേർ മരിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ യുഎസിൽ സൈനിക സേവനം നടത്തിയിരുന്ന 116,516 ആളുകളാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസം യുഎസിൽ 400 ന് താഴെയായിരുന്നു മരണ നിരക്ക്. എന്നാൽ ചൊവ്വാഴ്ച ഇത് വീണ്ടും വർധിച്ചു. യുഎസിൽ കോവിഡ് ബാധിതരുടെ ആകെ എണ്ണം 22 ലക്ഷം കടന്നിട്ടുണ്ട്. ഇതിനിടെ ലോകത്താകമാനമായി കോവിഡ് ബാധിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു. ഇതിൽ 43 ലക്ഷം പേർക്ക് രോഗം ഭേദമായിട്ടുണ്ട്. മരണസംഖ്യ 4.45 ലക്ഷം ആകുകയും ചെയ്തു. കോവിഡ് ഏറ്റുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമതുള്ള ബ്രസീലിലാണ് നിലവിൽ അതിവേഗം രോഗം ബാധിക്കുന്നത്. ദിനംപ്രതിയുള്ള പുതിയ രോഗികളുടെ എണ്ണത്തിൽ ചൊവ്വാഴ്ച റെക്കോർഡ് നിരക്കാണ് ബ്രസീലിൽ രേഖപ്പെടുത്തിയത്. 34,918 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ കൊറോണവൈറസ് സ്ഥിരീകരിച്ചു. 1338 പേർ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. 45456 മരണമാണ് ബ്രസീലിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ചവരുടെ എണ്ണം 9.2 ലക്ഷമാകുകയും ചെയ്തു. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് റഷ്യയും നാലാമത് ഇന്ത്യയുമാണ്. റഷ്യയിൽ 5.45 ലക്ഷം പേർക്കും ഇന്ത്യയിൽ 3.43 ലക്ഷം പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Home › News › കോവിഡ് ബാധിതര്‍ 82 ലക്ഷം കടന്നു; യുഎസില്‍ ഒന്നാം ലോകമഹായുദ്ധത്തിലേതിനേക്കാള്‍ കൂടുതല്‍പേര്‍ മരിച്ചു
