സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി
ദേശീയം

സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി

📍 Kakkanchery, Malappuram29 Jul 2020

ന്യൂഡൽഹി: നിലവിലെ വരുമാനം പങ്കിടൽ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നൽകാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ. ധനസംബന്ധമായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദ് ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് മഹാമാരി മൂലമുണ്ടായ വരുമാനക്കുറവ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധന സെക്രട്ടറി. സംസ്ഥാനങ്ങളോടുള്ള പ്രതിബദ്ധത എങ്ങനെ സർക്കാരിന് ഒഴിവാക്കാനാകുമെന്ന് അംഗങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. ഒരു പരിധിക്ക് താഴെയായാണ്വരുമാന ശേഖരണമെങ്കിൽസംസ്ഥാന സർക്കാരുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫോർമുല പുനർനിർണയിക്കാൻ ജി.എസ്.ടി. നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷൺ പാണ്ഡെ ഇതിന് മറുപടി നൽകി. 2019-20 സാമ്പത്തിക വർഷത്തിലെ 13806 കോടിയുടെ ജി.എസ്.ടി. നഷ്ടപരിഹാരത്തിന്റെ അവസാനഗഡു അനുവദിച്ചതായി കേന്ദ്ര സർക്കാർ തിങ്കളാഴ്ച അറിയിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫോർമുല പുനർ നിർണയിക്കാൻ ജൂലായിൽ ജി.എസ്.ടി. കൗൺസിൽ യോഗം ചേരേണ്ടതായിരുന്നെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മറ്റൊരു വിഷയം ചർച്ച ചെയ്തതിനെ പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. മഹാമാരിയെ തുടർന്ന് തിരിച്ചടി നേരിട്ട നിലവിലെ സമ്പദ് വ്യവസ്ഥയെ കുറിച്ച് കമ്മിറ്റി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരി, അംബിക സോണി, ഗൗരവ് ഗൊഗോയി, എൻ.സി.പി. എംപി പ്രഫുൽ പട്ടേൽ എന്നിവർ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ജയന്ത് സിൻഹക്ക് കത്തയച്ചു. മാർച്ച് 23-ന് പാർലമെന്റ് പാസാക്കിയ ബജറ്റ് തുടർന്ന് പ്രസക്തമാകുന്നില്ല. വരുമാന മാർഗം സംബന്ധിച്ച് ചില അനുമാനങ്ങൾ മാത്രമാണുള്ളത്. മൊത്തത്തിലുള്ള വരുമാനക്കുറവ് സംബന്ധിച്ച് സർക്കാരിൽനിന്ന് ഒരു വ്യക്തതയുമില്ല. സർക്കാരിന്റെ രക്ഷാപ്രവർത്തന പാക്കേജിന്റെ ഫലപ്രാപ്തിയും കമ്മിറ്റി പരിശോധിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് എം.പിമാർ ആവശ്യപ്പെട്ടു.

HomeNewsസംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി