മാതൃഭാഷയിലാകണം അഞ്ചാം തരം വരെ  പഠനം: എല്‍പി, യുപി, ഹൈസ്‌കൂള്‍ രീതി നിര്‍ത്തും
ദേശീയം

മാതൃഭാഷയിലാകണം അഞ്ചാം തരം വരെ പഠനം: എല്‍പി, യുപി, ഹൈസ്‌കൂള്‍ രീതി നിര്‍ത്തും

📍 Kakkanchery, Malappuram29 Jul 2020

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും അടിമുടി അഴിച്ചുപണിയാൻ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സാങ്കേതികവിദ്യയിലൂന്നിയുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് വരുന്നത്. 2030-ഓടെ എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് നയം ലക്ഷ്യമാക്കുന്നത്. മൂന്ന് വയസ്സു മുതൽ 18 വയസ്സ് വരെ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും. പുതുതായി ഏർപ്പെടുത്തുന്ന 5 + 3 + 3 + 4 സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നത് 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും 3 വർഷത്തെ അങ്കണവാടി/പ്രീ-സ്കൂൾ വിദ്യാഭ്യാസവുമായിരിക്കും. നിലവിലെ 10+2 ഘടന ഒഴിവാക്കി പകരം യഥാക്രം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികൾക്കായി 5+3+3+4 എന്നതാണ് പുതിയ രീതി. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ 18 വർഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. അടുത്ത 15 വർഷത്തിനുള്ളിൽ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂർണമായും നിർത്തലാക്കും. എം.ഫിൽ നിർത്തലാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം. അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകൾ മൂന്നോ നാലോ വർഷമായിരിക്കും. ഈ കോഴ്സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്ക് വച്ച് നിർത്താനും ഇടവേളയെടുക്കാനും നയം അനുവാദം നൽകുന്നുണ്ട്. രണ്ട് വർഷംകഴിഞ്ഞ് പഠനം നിർത്തിയാൽ അതുവരെ പഠിച്ചതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. നിയമം, ആരോഗ്യം ഒഴികെയുള്ള എല്ലാ കോഴ്സുകളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു അതോറിറ്റിയുടെ കീഴിലായിരിക്കും. പി.ജി. പഠനം ഒന്നോ രണ്ടോ വർഷമാകാം. ബിരുദ, ബിരുദാനന്ദര കോഴ്സുകൾ അഞ്ച് വർഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്സായിരിക്കും. വെറും പഠനത്തെക്കാൾ അറിവിനാണ് പ്രാധാന്യം കൊടുക്കുക. ബോർഡ് പരീക്ഷകൾ ഊന്നൽ നൽകുക അറിവിനായിരിക്കും. അധ്യാപകരുടെ വിലയിരുത്തൽ കൂടാതെ സഹവിദ്യാർഥികളുടെ വിലയിരുത്തൽ കൂടി ഉൾപ്പെടുന്നതായിരിക്കും ഇനി മുതൽ റിപ്പോർട്ട് കാർഡ്. 34 വർഷമായി വിദ്യാഭ്യാസ നയത്തിൽ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. മാനവശേഷി വകുപ്പ് ഇനിമുതൽ വിദ്യാഭ്യാസ വകുപ്പായി അറിയപ്പെടും. കലയും ശാസ്ത്രവും തമ്മിലും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കിടയിലും, തൊഴിൽ-പഠന മേഖലകൾക്കിടയിലും വേർതിരിവുകൾ ഉണ്ടാകില്ല. ആറാം ക്ലാസ് മുതൽ സ്കൂളുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും; ഇന്റേൺഷിപ്പും ഉൾപ്പെടുത്തും. സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള പുതിയതും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി, എൻസിഎഫ്എസ്ഇ 2020-21 എൻസിഇആർടി വികസിപ്പിക്കും.. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലായിരിക്കണം(അല്ലെങ്കിൽ പ്രാദേശിക ഭാഷ) പഠനം. എട്ടാം തരം വരെയും അതിനു മുകളിലേയ്ക്കും ഇക്കാര്യം അഭിലഷണീയമാണ്. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം പൊതുപരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും. അധ്യാപകർക്ക് ദേശീയ പ്രഫഷണൽ സ്റ്റാൻഡ് കൊണ്ടുവരും. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി സർക്കാർ നീക്കിവെക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. എട്ട് പ്രധാന പ്രാദേശിക ഭാഷകളിൽ ഈ കോഴ്സുകൾ തുടങ്ങും. പ്രീപ്രൈമറി വിദ്യാഭ്യാസം ഏകീകരിച്ച് നിലവാരം കൂട്ടും. ചെറുപ്രായത്തിൽ തന്നെ വിദ്യാർഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിന് ഊന്നൽ നൽകും. ഒപ്പം കണക്കിനും ഊന്നൽ കൊടുക്കും. ആർട്സ,് സയൻസ് പാഠ്യ-പാഠ്യേതര, വൊക്കേഷണൽ-അക്കാദമിക് എന്നിവയിൽ കാര്യമായ വേർതിരിവുണ്ടാകില്ല. പാഠ്യപദ്ധതി ലഘൂകരിക്കും. ആറാം ക്ലാസ് മുതൽ വൊക്കേഷണൽ അനുബന്ധമാക്കും. സ്കൂൾ വിദ്യാഭ്യാസം 5+3+3+4 എന്നിങ്ങനെയായിരിക്കും പാഠ്യപദ്ധതി. റെഗുലേറ്ററി അതോറിറ്റിയായിരിക്കും ഇനി ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഴുവൻ ചുമതലയും. കോളജുകൾക്ക് സ്വയംഭരണം നൽകും. ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ ഈ സ്വയംഭരണ അധികാരം നൽകുക. എ ഗ്രേഡ് ലഭിച്ചാൽ പൂർണ സ്വയംഭരണ അധികാരം ലഭിക്കും.

HomeNewsമാതൃഭാഷയിലാകണം അഞ്ചാം തരം വരെ പഠനം: എല്‍പി, യുപി, ഹൈസ്‌കൂള്‍ രീതി നിര്‍ത്തും