രജിസ്റ്റര്‍ ചെയ്യാതെ അതിഥി തൊഴിലാളികള്‍ എത്തുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്‍ വെല്ലുവിളി
സംസ്ഥാനം

രജിസ്റ്റര്‍ ചെയ്യാതെ അതിഥി തൊഴിലാളികള്‍ എത്തുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്‍ വെല്ലുവിളി

📍 Kakkanchery, Malappuram1 Aug 2020

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്യാതെ അതിഥി തൊഴിലാളികള്‍ എത്തുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാതെ എത്തുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയാകുന്നത്. ലോക്ഡൗണില്‍ നിര്‍ത്തിവെച്ചിരുന്ന കെട്ടിടനിര്‍മ്മാണവും മറ്റ് ജോലികളും വീണ്ടും തുടങ്ങിയതോടെ ദിവസവേതനക്കാര്‍ക്ക് തൊഴില്‍സാധ്യത കൂടി. ഇതോടെ നാടുകളിലേക്ക് തിരിച്ച്‌ പോയ അതിഥി തൊഴിലാളികള്‍ മടങ്ങി വരാന്‍ തുടങ്ങി. ഭൂരിഭാഗം പേരും ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് മടങ്ങിവരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന ചിലരാണ് ആശങ്ക സൃഷ്ടിക്കുന്നത്.സര്‍ക്കാര്‍ അനുമതി വേണമെന്ന ധാരണയില്ലാത്ത തൊഴിലാളികളില്‍ ചിലര്‍ ചരക്ക് ലോറികളും മറ്റും കയറി സംസ്ഥാനത്തേക്കെത്തുന്നു. ഇവരെ പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ലാത്തതും മറ്റൊരു വെല്ലുവിളി. ആലുവയിലെ കടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയായ യുവതി ദില്ലിയില്‍ നിന്നെത്തിയത് ആരോഗ്യ പ്രവര്‍ത്തകര്‍ അറിഞ്ഞില്ല. നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് ഇവര്‍ സംഭവം അറിയുന്നത്. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ തന്നെ ഇവരുടെ ക്വാറന്‍റീന്‍ ഉറപ്പാക്കണമെന്നാണ് നിബന്ധന. എന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള ചെലവ് വഹിക്കാന്‍ ചില കരാറുകാര്‍ തയ്യാറാകാത്തതാണ് പ്രശ്നം.

HomeNewsരജിസ്റ്റര്‍ ചെയ്യാതെ അതിഥി തൊഴിലാളികള്‍ എത്തുന്നു; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്‍ വെല്ലുവിളി