മൂന്നാർ രാജമലയിൽ  മണ്ണിടിച്ചിൽ;ഇരുപതോളം വീടുകൾ മണ്ണിനടിയിലെന്ന് സൂചന
സംസ്ഥാനം

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ;ഇരുപതോളം വീടുകൾ മണ്ണിനടിയിലെന്ന് സൂചന

📍 Kakkanchery, Malappuram6 Aug 2020

മൂന്നാര്‍: ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ട്. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുവെന്നാണ് സംശയിക്കുന്നത്. 20 പേര്‍ കുടുങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ പുറത്തെടുത്തുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. നാല് ലയങ്ങളിലായി 80 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയില്‍ കവിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങള്‍ ഉള്ളതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് താമസിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

HomeNewsമൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ;ഇരുപതോളം വീടുകൾ മണ്ണിനടിയിലെന്ന് സൂചന