സൂയസ്സില്‍ തടസ്സം സൃഷ്ടിച്ച എവര്‍ ഗിവണ്‍ പിടിച്ചെടുത്തു, നഷ്ടപരിഹാരം നല്‍കേണ്ടത് 900 മില്യണ്‍ ഡോളര്‍
അന്തർദേശീയം

സൂയസ്സില്‍ തടസ്സം സൃഷ്ടിച്ച എവര്‍ ഗിവണ്‍ പിടിച്ചെടുത്തു, നഷ്ടപരിഹാരം നല്‍കേണ്ടത് 900 മില്യണ്‍ ഡോളര്‍

📍 Alanallur, Palakkad14 Apr 2021

കെയ്റോ: ആഴ്ചകൾക്ക് മുമ്പ് സൂയസ് കനാലിൽ തടസം സൃഷ്ടിച്ച ഭീമൻ ചരക്ക് കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യൺ യുഎസ് ഡോളർ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവർ ഗിവൺ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്. കനാൽ അതോറിറ്റി മേധാവി ഒസാമ റാബിയെ ഉദ്ധരിച്ച് ഈജിപ്തിലെ അൽ-അഹ്റാം ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ചിലവ്, കനാലിൽ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് 900 മില്യൺ ഡോളർ നൽകാൻ കനാൽ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്രയുംദിവസമായിട്ടും കപ്പൽ ഉടമകൾ പണമടച്ചില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പൽ പിടിച്ചെടുത്തെതെന്നുമാണ് കനാൽ അതോറിറ്റി മേധാവിയുടെ വിശദീകരണം. തിങ്കളാഴ്ചയാണ് ഇസ്മായിലിയയിലെ കോടതി കപ്പൽ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അധികൃതർ അറിയിക്കുകയും ചെയ്തു. അതേസമയം, നഷ്ടപരിഹാര തുക സംബന്ധിച്ച് കനാൽ അതോറിറ്റിയും കപ്പൽ ഉടമകളും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നതായും വിവരമുണ്ട്. മാർച്ച് 23-നാണ് ഭീമൻ ചരക്ക് കപ്പലായ എവർ ഗിവൺ സൂയസ് കനാലിൽ കുടുങ്ങിയത്. ഇതോടെ സൂയസ് കനാൽ വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കപ്പൽ ഗതാഗതം നിലച്ചതോടെ വ്യാപാരമേഖലയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പിന്നീട് ആറ് ദിവസങ്ങൾക്ക് ശേഷം മാർച്ച് 29-നാണ് കുടുങ്ങികിടന്ന കപ്പൽ വീണ്ടും ചലിപ്പിക്കാനായത്. നിലവിൽ ഈജിപ്തിലെ ഗ്രേറ്റ് ബിറ്റർ ലേക്കിലാണ് എവർഗിവൺ നങ്കൂരമിട്ടിരിക്കുന്നത്.

HomeNewsസൂയസ്സില്‍ തടസ്സം സൃഷ്ടിച്ച എവര്‍ ഗിവണ്‍ പിടിച്ചെടുത്തു, നഷ്ടപരിഹാരം നല്‍കേണ്ടത് 900 മില്യണ്‍ ഡോളര്‍