
ഇഐഎ: അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
ഇഐഎ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇതുവരെ നിലപാട് അറിയിക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഇന്ന് അഭിപ്രായം അറിയിക്കും. പരിസ്ഥിതി ആഘാത പഠനമോ മുൻകൂർ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമർശമാണ് ഉയർന്നിരിക്കുന്നത്. മാർച്ച് 22ന് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത അവലോകനത്തിന്‍റെ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. ഇമെയിൽ വഴിയും അഭിപ്രായം അറിയിക്കാം. കേരള സര്‍ക്കാര്‍ ഇന്ന് നിലപാടറിയിക്കുമെന്നാണ് വിവരം. എന്നാൽ ഇതുവരെയും അഭിപ്രായം അറിയിക്കാത്തതിൽ കേരള സർക്കാറിനെതിരെ വിമർശമുയ൪ന്നിരുന്നു. പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെയോ പരിസ്ഥിതി ആഘാത പഠനം നടത്താതെയോ വൻകിട പദ്ധതികളുമായി മുന്നോട്ടുപോകാൻ അവസരമൊരുങ്ങും. കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികൾക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തകയോ പൊതുജനാഭിപ്രായം തേടുകയോ വേണ്ടതില്ല. കയ്യേറ്റങ്ങളും ചട്ടലംഘനങ്ങളും റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കുണ്ടായിരുന്ന അവകാശവും തന്ത്രപ്രധാന ഇനത്തിൽ വരുന്ന പദ്ധതികൾക്ക് ബാധകമാകില്ല. മറ്റ് പദ്ധതികളെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം ഒരു മാസമുണ്ടായിരുന്നത് 20 ദിവസമായി വെട്ടിക്കുറച്ചു. പരിസ്ഥിതി സൗഹൃദമാണെന്ന് കാണിക്കുന്ന റിപ്പോ൪ട്ട് വ൪ഷത്തിൽ രണ്ട് തവണ സമർപ്പിക്കേണ്ടിയിരുന്നത് ഒരു തവണയാക്കി ചുരുക്കി. 2006ലെ വ്യവസ്ഥകൾ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴിവെക്കുമെന്ന വിമ൪ശമാണ് ഉയരുന്നത്. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ഇതിനകം പ്രതിപക്ഷവും നിരവധി പരിസ്ഥിതി പ്രവ൪ത്തകരും കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്.
Home › News › ഇഐഎ: അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
