ദേശീയം

പാക്‌ വിമാനം തകർന്ന്‌ നിരവധി മരണം ; വിമാനത്തിലുണ്ടായിരുന്നത്‌ 91 യാത്രക്കാരും എട്ട്‌ ജീവനക്കാരും

📍 Kattangal, Kozhikode22 May 2020

കറാച്ചി പാകിസ്ഥാനിലെ കറാച്ചിയിൽ ജനവാസകേന്ദ്രത്തിൽ യാത്രാവിമാനം തകർന്നുവീണ്‌ നിരവധിയാളുകൾ മരിച്ചു. വിമാനത്തിലുണ്ടായവരും അത്‌ വീണ സ്ഥലത്തുണ്ടായിരുന്നവരും അടക്കം 110‌ പേർ മരിച്ചതായി റിപ്പോർട്ടുണ്ട്‌. എന്നാൽ അധികൃതർ സ്ഥിരീകരിച്ചത്‌ 45 മരണം. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്‌. മരണസംഖ്യ ഉയരുമെന്ന്‌ അധികൃതർ അറിയിച്ചു. വെള്ളിയാഴ്‌ച വൈകിട്ട്‌ നാലോടെയാണ്‌ അപകടം. 91 യാത്രക്കാരും എട്ട്‌ ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. അപകടത്തിൽ വീടുകൾ തകർന്നാണ്‌‌‌‌‌ ചിലർ മരിച്ചത്‌. വിമാനത്തിൽ ഉണ്ടായവരിൽ മൂന്നുപേർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്‌. വിമാനത്തിൽ ഉണ്ടായിരുന്ന ബാങ്ക്‌ ഓഫ്‌പഞ്ചാബ്‌ ചെയർമാൻ സഫർ മസൂദ്‌, താൻ രക്ഷപ്പെട്ടതായി അമ്മയെ വിളിച്ചറിയിച്ചു.ലാഹോറിൽനിന്ന്‌ പുറപ്പെട്ട പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ്‌ എ320 പികെ 803 വിമാനം കറാച്ചിയിലിറങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ തകരുകയായിരുന്നു‌. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മാലിറിൽ ജിന്ന ഹൗസിങ്‌ സൊസൈറ്റിയിലെ വീടുകൾക്ക്‌ മുകളിലാണ്‌ വീണത്‌‌. കോളനിയിലെ താമസക്കാരായ മുപ്പതോളം പേരെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. വിമാനത്തിന്റെ ലാൻഡിങ്‌ ഗിയറിന്‌ തകരാറുണ്ടെന്ന്‌ പൈലറ്റ്‌ അറിയിച്ചിരുന്നതായി എയർലൈൻസ്‌ വക്താവ്‌ പറഞ്ഞു. കോവിഡ്‌ ലോക്ക്‌ഡൗണിനുശേഷം ഏതാനും ദിവസം മുമ്പാണ്‌ പാകിസ്ഥാനിൽ വിമാനസർവീസിന്‌ അനുമതി നൽകിയത്‌. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണത്തിന്‌ ഉത്തവരിട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഃഖമറിയിച്ചു.

HomeNewsപാക്‌ വിമാനം തകർന്ന്‌ നിരവധി മരണം ; വിമാനത്തിലുണ്ടായിരുന്നത്‌ 91 യാത്രക്കാരും എട്ട്‌ ജീവനക്കാരും