ഇതിഹാസനാദം നിലച്ചു; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
ദേശീയം

ഇതിഹാസനാദം നിലച്ചു; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

📍 Rajakkad, Idukki25 Sept 2020

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഏഴോടെ കോവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ ​പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്നും ഫിസിയോ തെറാപ്പിയോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ എസ്.പി ചരൺ സോഷ്യൽ മീഡിയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേ​ഹത്തിന്റെ ആരോ​ഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. വൈകിട്ട് നാലു മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിൽ 4.30 മുതൽ പൊതുദർശനം ഉണ്ടാകും. റെഡ്ഹിൽസിന് സമീപത്തെ താമരെപ്പാക്കത്തായിരിക്കും സംസ്കാരം. സമയം തീരുമാനിച്ചിട്ടില്ല. ഗായകൻ, സംഗീത സംവിധായകൻ നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40,000 ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിൽ ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്. ചെറുപ്പം മുതൽക്കു തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ് പി ബി സ്കൂൾ സംഗീതമത്സരങ്ങളിലും പങ്കെടുത്തിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ എൻ ടി യു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ചേർന്നുവെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പഠനത്തിനിടയിലും സംഗീതപഠനം തുടർന്ന അദ്ദേഹം ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി പാടിയത്. 1980ൽ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കർണാടക സംഗീതവുമായി വളരെ അടുത്ത് നിൽക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. 'ശങ്കരാഭരണവും' ചിത്രത്തിലെ 'ശങ്കരാ' എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി. ആനന്ദ്-മിലിന്ദ്, എം എസ് വിശ്വനാഥൻ, ഉപേന്ദ്രകുമാർ, ഇളയരാജ, കെ വി മഹാദേവൻ, തുടങ്ങിയ മുൻകാല സംഗീതസംവിധായകർ മുതൽ വിദ്യാസാഗർ, എം എം കീരവാണി, എ ആർ റഹ്മാൻ, തുടങ്ങിയ പുതുതലമുറയോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗായകനെന്നതിലുപരി അദ്ദേഹം മികച്ച നടനായും വെള്ളിത്തിരയിൽ തിളങ്ങിയിരുന്നു. എസ് പി ബി പാടി അഭിനയിച്ച 'കേളടി കൺമണി' എന്ന ചിത്രത്തിലെ 'മണ്ണിൽ ഇന്ത കാതൽ' തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളിൽ ഒന്നാണ്. രജനീകാന്ത്, കമൽഹാസൻ, ജെമിനി ഗണേശൻ, അനിൽ കപൂർ, അർജുൻ സർജ, രഘുവരൻ തുടങ്ങി നിരവധി നായകൻമാർക്ക് ശബ്ദമേകിയിരുന്നു. ഭാര്യ സാവിത്രി. മകൻ എസ് പി ബി ചരൺ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്

HomeNewsഇതിഹാസനാദം നിലച്ചു; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു