
മന്ത്രി എം.എം. മണിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: വൈദ്യുത വകുപ്പുമന്ത്രി എം.എം. മണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിയെ കഴിഞ്ഞദിവസങ്ങളിലും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. ആശുപത്രിയിലേക്ക് പോകാൻ മന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മന്ത്രിയായതിനാൽ, പ്രോട്ടോക്കോൾ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് മണി. ടി.എം. തോമസ് ഐസക്ക്, വി.എസ്. സുനിൽ കുമാർ, ഇ.പി. ജയരാജൻ എന്നിവർക്കാണ് മുൻപ് കോവിഡ് ബാധിച്ചത്.
