
അർജന്റേനിയൻ ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ അന്തരിച്ചു
ബ്യൂണസ് ഐറിസ് ∙ ലോകം ആ വിഷാദവാർത്തയിൽ തളർന്നു നിൽക്കുന്നു. ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ( 60 ) അന്തരിച്ചു. തലച്ചോറിൽ ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. 1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോകഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസമായത് കളിക്കളത്തിലെ അനിതരസാധാരണമായ മാന്ത്രികത കൊണ്ടായിരുന്നു. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 2–1 വിജയം നേടിയ മറഡോണയുടെ ‘ദൈവത്തിന്റെ കൈ ’ ഗോൾ ഫുട്ബോൾ പ്രേമികൾക്കിന്നുമൊരു വിസ്മയമാണ്. മറഡോണയുടെ വിടവാങ്ങലിൽ അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ – താങ്കൾ നമ്മളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. നമ്മളെ സന്തോഷത്തിൽ ആറാടിച്ചു. ഏവർക്കും മേൽ വലിയവനാണ് താങ്കൾ. ഇവിടെ ഉണ്ടായിരുന്നതിൽ നന്ദി ഡിയേഗോ. ഇത് നമ്മുടെ ജീവിതനഷ്ടമാണ്. പ്രഫഷനൽ ഫുട്ബോൾ അതിന്റെ ഗ്ലാമറുകളിലേക്കെത്തിയ 1980 കളിൽ ക്ലബ്ബ് ഫുട്ബോളിലും മറഡോണ താരമായി തിളങ്ങി.1987 ൽ നാപ്പോളിയെ പ്രഥമ ഇറ്റാലിയൻ സെറി എ കിരീടത്തിലേക്ക് നയിച്ചത് കൊച്ചു മറഡോണയായിരുന്നു. 1991 ൽ യുവേഫ കിരീടവും നാപ്പോളിക്ക് മറഡോണ നേടിക്കൊടുത്തു. ആകാശത്തിന്റെയും കടലിന്റെയും നിറമുള്ള അർജന്റീനയുടെ ജഴ്സിക്ക് സാർവദേശീയ അംഗീകാരം നേടിക്കൊടുത്ത കളിക്കാരനായിരുന്നു മറഡോണ. അസാധാരണമായ ഡ്രിബ്ലിങ്,അതിവേഗത്തിലുള്ള മുന്നേറ്റം, ലക്ഷ്യത്തിലേക്കുള്ള ചടുലമായ പ്രയാണം എന്നിവയെല്ലാം മറഡോണയെ വ്യത്യസ്തനാക്കി. കളിക്കളങ്ങളിലെ അമാനുഷ ശരീരങ്ങൾക്കിടയിൽ മറഡോണ എന്ന കൊച്ചു മനുഷ്യൻ പന്തിനെ വരുതിയിലാക്കി നടത്തിയ മുന്നേറ്റങ്ങൾ അദ്ദേഹത്തിന് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. പത്താം നമ്പർ ജഴ്സിയുടെ മഹിമ കാത്ത മറഡോണയോടുള്ള ആദരസൂചകമായി നാപ്പോളി 2000 ൽ ആ ജഴ്സി മറ്റാർക്കും നൽകാതെ പിൻവലിച്ച ചരിത്രവുമുണ്ട്. ഫുട്ബോളിൽ നേട്ടങ്ങളുടെ കൊടുമുടി കയറിയപ്പോഴും വ്യക്തിജീവിതത്തിൽ മറഡോണ തിരിച്ചടികൾ സ്വയം വരുത്തിവച്ചു.1991 ൽ കൊക്കെയ്ൻ ഉപയോഗത്തിന് സസ്പെൻഷൻ വാങ്ങി. മൂന്നു വർഷത്തിനു ശേഷം അമേരിക്കൻ ലോകകപ്പിലും ലഹരി ഉപയോഗത്തിന് പുറത്താക്കപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖത്തിന് 2000 മുതൽ ചികിൽസയിലായിരുന്നു.1960 ഒക്ടോബർ 30 ന് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജനനം .ജൂനിയർ തലത്തിൽ മികവു തെളിയിച്ച ശേഷം 1977 ൽ ദേശീയ ടീമിലെത്തി. ബൊക്ക ജൂനിയേഴ്സായിരുന്നു ആദ്യ പ്രഫഷണൽ ക്ലബ്ബ്.1982 ലോകകപ്പിനു പിന്നാലെ മറഡോണ യൂറോപ്പിന്റെകളിത്തട്ടിലെത്തി.ബാർസിലോനയുടെ ജഴ്സിയണിഞ്ഞായിരുന്നു ആ തുടക്കം. ബാർസയിൽ തിളങ്ങാൻ കഴിയാതെ പോയ മറഡോണ ഇറ്റലിയിൽ പെട്ടെന്നു പ്രശസ്തനായി.നാപ്പോളിയുടെ സ്ട്രൈക്കറിൽ നിന്ന് അർജന്റീനയുടെ ലോകകപ്പ് വിജയനായകനിലേക്ക് മറഡോണയെത്തുമ്പോൾ ലോകം ആ കളിവീരന്റെ കാൽക്കീഴിലായിരുന്നു. 1986 മെക്സിക്കോ ലോകകപ്പ് മറഡോണയുടെ മാത്രം ലോകകപ്പായിരുന്നു. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ കീഴ്പ്പെടുത്തിയ മറഡോണയുടെ ഗോൾ.പീറ്റർഷെൽട്ടനെ കീഴ്പ്പെടുത്തിയ മാന്ത്രിക നിമിഷം നൂറ്റാണ്ടിന്റെ ഗോളായി വാഴ്ത്തപ്പെട്ടു. ആ ലോകകപ്പിൽ മറഡോണ 5 ഗോൾ നേടി. 5 ഗോളിനു വഴിയൊരുക്കി. ലോകകപ്പ് ഫുട്ബോൾ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ കളർ ടിവിയിൽ കണ്ട വർഷമായിരുന്നു അത്.പുതിയ താരോദയത്തിന് അതു സാക്ഷ്യം വഹിച്ചു. പെലെയുടെ ഇതിഹാസ മൽസരങ്ങൾ കാണാൻ കഴിയാതിരുന്ന ഫുട്ബോൾ ലോകം മറഡോണയിലെ മാന്ത്രികനെ വാഴ്ത്തിയ നാളുകൾ. പിന്നീട് രണ്ടു ലോകകപ്പുകൾ കൂടി മറഡോണ കളിച്ചു. 1990 ലും 1994 ലും.1990 ൽ ടീമിനെ ഫൈനൽ വരെ എത്തിച്ച മാന്ത്രികന് വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. 1997 ൽ ഫുട്ബോളിൽ നിന്നു വിരമിച്ചു.2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ മെസ്സിയുൾപ്പെടെയുള്ള അർജന്റീന ടീമിനെ പരിശീലിപ്പിച്ച് കോച്ചായി മറഡോണയെത്തിയെങ്കിലും ടീം ക്വാർട്ടറിൽ വീണു.പിന്നീട് മറഡോണ ദുബായിലും മറ്റും ടീമുകളുടെ പരിശീലകനായെത്തി. ഇടയ്ക്ക് മാരിയുവാന അടിച്ച് ജയിലിലായി. ഫുട്ബോളിൽ അനായാസ ചലനങ്ങളുമായി കുതിച്ചു പാഞ്ഞ മറഡോണ കളിക്കളത്തിനു പുറത്ത് വലിയ ശരീരവുമായി വേച്ചുവേച്ചു നീങ്ങി. എന്നിട്ടും മറഡോണയ്ക്ക് ലോകമെങ്ങും ആരാധകരുണ്ടായി. കൊൽക്കത്തയിലും കണ്ണൂരും പറന്നിറങ്ങിയ മറഡോണയെ ജനം ആവേശത്തോടെ വരവേറ്റു. ലോകഫുട്ബോളിൽ മറഡോണക്കു തുല്യം മറഡോണ മാത്രം. മാന്ത്രിക നീക്കങ്ങളുടെ കാൽപ്പന്തുകളികൾ ഇനി സ്മരണകളിൽ ഡ്രിബിൾ ചെയ്യട്ടെ.
Home › News › അർജന്റേനിയൻ ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ അന്തരിച്ചു
