11929 പേര്‍ക്ക് പുതുതായി രോഗം, 311 മരണം; രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,929 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 311 മരണവും റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം രോഗം ബാധിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. മരണം ഒമ്പതിനായിരം കടന്ന് 9195 ആകുകയും ചെയ്തു. 1,49,348 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,62,379 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ 1,04,568 പേർക്ക് ഇതുവരെ വൈറസ് ബാധിച്ചു. 3830 മരണവും റിപ്പോർട്ട് ചെയ്തു. 42,687 പേർക്കാണ് തമിഴ്നാട്ടിൽ രോഗം കണ്ടെത്തിയത്. 397 മരണവുമുണ്ടായി. ഗുജറാത്തിൽ 23,038 പേർക്ക് രോഗവും 1448 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുതിർന്ന മന്ത്രിമാരുടെ ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേർത്തിരുന്നു. നഗര, ജില്ലാ അടിസ്ഥാനത്തിൽ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിർദേശം നൽകി. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് അടിയന്തര പദ്ധതി തയ്യാറാക്കാനാണു നിർദേശം. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദേശം നൽകിയത്. ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കണം. മൺസൂൺ കാലം കണക്കിലെടുത്ത് വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ, ബന്ധപ്പെട്ട ഉന്നതാധികാരസമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Home › News › 11929 പേര്‍ക്ക് പുതുതായി രോഗം, 311 മരണം; രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു
