1.3 ലക്ഷം കോടിയുടെ കടം ബിജെപി ‘അടച്ചത്’ നിർമല അറിഞ്ഞില്ലേ? ചതിച്ചോ എണ്ണ ബോണ്ട്?
ദേശീയം

1.3 ലക്ഷം കോടിയുടെ കടം ബിജെപി ‘അടച്ചത്’ നിർമല അറിഞ്ഞില്ലേ? ചതിച്ചോ എണ്ണ ബോണ്ട്?

📍 Maruthonkara, Kozhikode29 Aug 2021

ഒരു കള്ളം നൂറു തവണ ആവർത്തിച്ചാൽ അതു ശരിയാണെന്ന് അവസാനം ജനം വിശ്വസിച്ചുകൊള്ളും എന്ന ഗീബൽസിയൻ തന്ത്രമാണ് എണ്ണവിലയുടെ കാര്യത്തിൽ നരേന്ദ്ര മോദി സർക്കാരും ബിജെപിയും കഴിഞ്ഞ ഒന്നുരണ്ടു വർഷംകൊണ്ട് പയറ്റുന്നത്. ഒന്നാം യുപിഎ സർക്കാർ ഇറക്കിയ എണ്ണ ബോണ്ടുകളുടെ പലിശ കൊടുത്തു മുടിഞ്ഞു എന്നാണ് ധനമന്ത്രി നിർമല സീതാരാമന്റെ പരിവേദനം. അത് മുതലുംപലിശയും കൊടുത്തു സർക്കാർ തിരിച്ചു വാങ്ങണം. അതുകൊണ്ടാണ് കൊള്ളവിലയ്ക്കു പെട്രോളും ഡീസലും പാചകവാതകവും വിൽക്കേണ്ടി വരുന്നത്. യുപിഎ ഇങ്ങനൊരു ചതി ചെയ്തതുകൊണ്ട് അടുത്തെങ്ങും ഇവയുടെ വില കുറയ്ക്കുന്ന കാര്യം ചിന്തിക്കുകപോലും വേണ്ട. യുപിഎ ഇറക്കിയ എണ്ണ ബോണ്ട് ഇല്ലായിരുന്നെങ്കിൽ രാജ്യത്തെ ഭായിമാർക്കും ബഹന്മാർക്കും എന്നേ പെട്രോളും ഡീസലും പാചകവാതകവും ഇപ്പോഴത്തേതിന്റെ പകുതി വിലയ്ക്ക് കൊടുക്കാൻ പറ്റുമായിരുന്നു എന്നാണ് അവരുടെ സങ്കടം. ‘എന്തു ചെയ്യാം, എണ്ണ ബോണ്ടിലുടെ അവർ വരുത്തിവച്ച ബാധ്യത ഞാൻ നികത്തിക്കൊണ്ടിരിക്കുകയാണ്...’ എന്ന സങ്കടം മാത്രം ബാക്കി! ഈ പ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ ബിജെപി തുടങ്ങിയിട്ട് കുറച്ചു കാലമായി. അതിനു ശേഷം പല തട്ടിലുള്ള നേതാക്കന്മാർ പ്രചാരണം ഏറ്റെടുത്തു. പിന്നെ ഡൽഹിയിലെ ബിജെപിയുടെ വളരെ ഉന്നത തലങ്ങളിലുള്ളവർ ഇതു പറയാൻ തുടങ്ങി. അങ്ങനെ നീണ്ട പ്രചാരണത്തിലൂടെ അന്തരീക്ഷം പരുവപ്പെടുത്തിയശേഷം (ഇത് ഒരു കാര്യം ജനങ്ങളിൽ എത്തിക്കാനുള്ള മാസ് കമ്യൂണിക്കേഷൻ തന്ത്രമാണ്) ധനമന്ത്രിതന്നെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചു. ആ ആരോപണത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതികരണം അതീവ ദുർബലമായതുകൊണ്ടു പാവം ജനം ഇതു ശരിയാണെന്നു വിശ്വസിക്കുന്നു! പക്ഷേ ഇവിടെ സർക്കാരും ബിജെപിയും പറയുന്നത് അസത്യമോ അർധസത്യമോ ആണ്. കണക്കും കാര്യങ്ങളും അതാണു പറയുന്നത്. എന്താണ് ബോണ്ടിനു പിന്നിലെ സത്യം? പെട്രോളും ഡീസലും പാചകവാതകവും വിപണിവിലയേക്കാൾ കുറച്ചു വിറ്റപ്പോൾ (സബ്സിഡൈസ്ഡ് പ്രൈസ്) സർക്കാരിന്റെ എണ്ണ ശുദ്ധീകരണ–വിപണന സംരംഭങ്ങളായ ഇന്ത്യൻ ഓയിൽ കോർറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്നു സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം നികത്താനാണ് ഒന്നാം യുപിഎ സർക്കാർ 1.44 ലക്ഷം കോടിയുടെ എണ്ണ ബോണ്ട് 2005-2010 കാലഘട്ടത്തിൽ ഇറക്കിയത്. 2012 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ വിവിധ കാലയളവിൽ കാലാവധി തീരുന്ന (മെച്വർ), 8 ശതമാനം വാർഷിക പലിശ നൽകുന്ന 12 ബോണ്ടുകളാണ് ഇറക്കിയത്. ഇതിന്റെ മൊത്തം പലിശ 1.61 ലക്ഷം കോടി വരും. മുതലും പലിശയും അടക്കം ഇതിൽനിന്നു വരുന്ന ബാധ്യത 3.05 ലക്ഷം കോടി. അതായത് ആദ്യത്തെ ബോണ്ട് ഇറക്കിയതുമുതൽ അവസാനത്തെ ബോണ്ടിന്റെ കാലാവധി തീരുന്നതുവരെയുള്ള ഏകദേശം 20 വർഷത്തിൽ മുതലും പലിശയും ചേർന്ന് സർക്കാരിന് ഉണ്ടാകുന്ന പ്രതിവർഷ ബാധ്യത 15,250 കോടി ആണ്. ഇത് വസൂലാക്കാൻ ഈ 20 വർഷത്തിൽ ഓരോ വർഷവും പെട്രോളിന് ലിറ്ററിന് 1.25 രൂപ കൂടുതൽ ഈടാക്കിയാൽ മതിയാകും. സർക്കാർ ഈ എണ്ണക്കമ്പനികൾക്ക് കൊടുക്കുന്ന ബോണ്ടുകൾ (കടപ്പത്രങ്ങൾ) അവർ വിപണിയിൽ വിറ്റു സർക്കാരിൽനിന്ന് അവർക്കു കിട്ടാനുള്ള പണം വസൂലാക്കി. ബോണ്ടുകൾ കയ്യിലിരിക്കുന്നവർക്കാണ് വർഷാവർഷം പലിശയും ബോണ്ടിന്റെ കാലാവധി തീരുമ്പോൾ മുതലും സർക്കാർ നൽകുന്നത്. എണ്ണ ബോണ്ടുകളുടെ ഇതുവരെയുള്ള നാൾവഴി പരിശോധിക്കാം: രണ്ടാം യുപിഎ സർക്കാർ (2010-2014) കാലാവധി പൂർത്തിയാക്കിയ ബോണ്ടിന്റെ മുതലായ 10,000 കോടി രൂപ തിരിച്ചടച്ചു. മൊത്തം ബോണ്ടുകളുടെ അഞ്ചു വർഷത്തെ പലിശയായ 53,163 കോടിയും നൽകി. ആ സർക്കാർ എണ്ണ ബോണ്ടിലേക്കു മുതലും പലിശയും ആയി ആകെ നൽകിയത് 63,163 കോടിയാണ്. അതുകൊണ്ട് ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തിരിച്ചു കൊടുക്കാനുള്ള ബോണ്ടിന്റെ മുതൽ 1.44 ലക്ഷം കോടിയിൽനിന്ന് 1.34 ലക്ഷം കോടിയായി കുറഞ്ഞു. മൊത്തം പലിശ 1.61 ലക്ഷം കോടിയിൽനിന്ന് 1.07537 ലക്ഷം കോടിയായി. സർക്കാരിന്റെ 5 വർഷത്തിനിടയിൽ 3500 കോടി ബോണ്ടിന്റെ കാലാവധിയെ പൂർത്തിയായിരുന്നുള്ളൂ. ഈ തുകയ്ക്ക് പുറമെ, ഈ കാലയളവിൽ പലിശയായി 50,216 കോടി രൂപയും നൽകി. ഒന്നാം എൻഡിഎ സർക്കാർ എണ്ണ ബോണ്ടിലേക്കു ആകെ നൽകിയത് 53,716 കോടിയാണ്. അന്നത്തെ ധനമന്ത്രി അരുൺ ജയ്‌റ്റ്ലി എണ്ണ ബോണ്ട് രാജ്യത്തിന്റെ ഖജനാവിന് ഒരു ഭാരമാണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു പോലും ജനത്തിന് അറിയില്ലായിരുന്നു. ഏതു സർക്കാരിനാണു ബാധ്യത? 2019 മേയ് 30നു രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എണ്ണ ബോണ്ടിന്റെ തുക 1.31 ലക്ഷം കോടി ആയിരുന്നു. 2019-20 മുതൽ 2021-22 വരെ ഓരോ വർഷവും 9990 കോടി രൂപ പലിശ കൊടുക്കണം. ഈ വർഷം (2021-22 ) പലിശയായ 9990 കോടി രൂപ കൂടാതെ കാലാവധി അവസാനിക്കുന്ന ബോണ്ടിന്റെ മുതലായ 10,000 കോടിയും തിരികെ നൽകണം. അതായത് ഈ സാമ്പത്തിക വർഷം സർക്കാരിന്റെ എണ്ണ ബോണ്ടിനത്തിൽ ഏതാണ്ട് 20,000 കോടി ചെലവാകും. അതുകൊണ്ടുതന്നെ വരുന്ന വർഷം (2022-23 ) ബോണ്ടിന്റെ മുതൽ തുക 1.21 ലക്ഷം കോടിയായി കുറയും. പലിശ വർഷം 9196 കോടിയായി കുറയും. ഇപ്പോഴത്തെ മോദി സർക്കാരിന്റെ അവസാന വർഷമായ 2023-24 ൽ കാലാവധി തീരുന്ന ബോണ്ടിന്റെ 31,150 കോടിയും പലിശയായ 9196 കോടിയും കൊടുക്കണം. ആ വർഷം മുതലും പലിശയും ഉൾപ്പെടെ 40,346 കോടി ചെലവാകും. രണ്ടാം എൻഡിഎ സർക്കാരിന്, മുതലായി 41,150 കോടിയും പലിശയായി 48,362 കോടിയും നൽകേണ്ടതുൾപ്പെടെ എണ്ണ ബോണ്ടുകൾക്കായി ആകെ 89,512 കോടി ചെലവഴിക്കണം. അതായത് ഒരു വർഷം സർക്കാരിന് ഇതുമൂലം ഉണ്ടാകുന്ന ശരാശരി ബാധ്യത 17,902 കോടി രൂപ ആണ്. രണ്ടാം എൻഡിഎ സർക്കാരിനു ശേഷം അധികാരത്തിൽ വരുന്ന സർക്കാർ അതിന്റെ ആദ്യ വർഷം (2024-25) കാലാവധി പൂർത്തിയായ ബോണ്ടിന്റെ മുതലായ 52,680 കോടിയും പലിശയായി 6227 കോടിയും നൽകണം. ബോണ്ടിന്റെ കാലാവധി തീരുന്ന 2025-26 ൽ ആ സർക്കാർ മുതലായി 36,913 കോടിയും പലിശയായി 2732 കോടിയും നൽകണം. എണ്ണ ബോണ്ടിലേക്കായി ആ സർക്കാർ മൊത്തം 98,552 കോടി നൽകണം. എണ്ണ ബോണ്ട് ഏറ്റവും അധികം ബാധ്യതയാകുന്നതും ഈ സർക്കാരിനാണ്. 3.45 ലക്ഷം കോടി രൂപ കിട്ടിയിട്ടും...! ലോകത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ സാമ്പത്തിക ശക്തിയായ, 2.27 ലക്ഷം കോടി ഡോളർ (ഏകദേശം 168 ലക്ഷം കോടി രൂപ) ജിഡിപി ഉള്ള രാജ്യത്തിന്റെ ധനമന്ത്രി പറയുന്നു, ഈ സർക്കാർ 5 വർഷം കൊണ്ടു നൽകേണ്ട 89,512 കോടി രൂപ ഖജനാവിനു വലിയ ഭാരമാണെന്ന്! അതുകൊണ്ട് സർക്കാരിന് ആഗ്രഹമുണ്ടെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ഇന്നത്തേതിൽനിന്ന് കുറയ്ക്കാൻ യാതൊരു നിർവാഹവുമില്ലെന്ന്! കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) മൊത്തം കടത്തിനായി അവർ അടച്ച പലിശ 6.93 ലക്ഷം കോടി രൂപ. ഈ വർഷം (2021- 22) അത് 8.1 ലക്ഷം കോടിയാകുമെന്നു പ്രതീക്ഷിക്കുന്നു. അപ്പോൾ കടത്തിന്റെ മഹാസാഗരത്തിലെ ഒരു തുള്ളിയാണ് നിർമല സീതാരാമനു പ്രശ്‍നം. 2020-21ൽ പെട്രോളിൽനിന്നും ഡീസലിൽനിന്നും എക്സൈസ് നികുതിയായും തീരുവകളായും കേന്ദ്രത്തിനു കിട്ടിയതു മാത്രം 3.45 ലക്ഷം കോടിയാണ്. ഇത് കോവിഡ് ചെലവ് പോലെയോ ദുരന്തങ്ങൾ ഉണ്ടാക്കുന്ന ചെലവുപോലെയോ ഇടിത്തീ പോലെ ആകാശത്തുനിന്ന് വീഴുന്നതോ അല്ല. ഒരു ബോണ്ടിന്റെ ദൈർഘ്യം സാധാരണ ഗതിയിൽ 5-20 വർഷം വരെയായിരിക്കും. ഒരു കടപ്പത്രം ഇറക്കുമ്പോൾതന്നെ അതിന്റെ കാലാവധി എന്നു കഴിയും, ഓരോ വർഷത്തെ പലിശ എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം പറഞ്ഞിരിക്കും. സർക്കാർ കടപ്പത്രത്തിന്റെ ഈ വിവരങ്ങളെല്ലാം ഓരോ വർഷത്തെ ബജറ്റിലും ഉണ്ടായിരിക്കും. കടപ്പത്രങ്ങൾക്ക് ആ വർഷം നൽകേണ്ട പലിശയും മുതൽ തിരിച്ചു കൊടുക്കാനുണ്ടങ്കിൽ അതും തിരിച്ചു കൊടുക്കാൻ ആവശ്യമായ പണം എങ്ങനെ കണ്ടെത്തണമെന്ന് സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽതന്നെ സർക്കാരുകൾ തീരുമാനിക്കും. അത് സർക്കാരുകളുടെ ഭരണപരവും സാമ്പത്തികവുമായ ചുമതലയാണ്. അതുകൊണ്ടുതന്നെ ഒരു മുൻ സർക്കാർ ഇറക്കിയ ബോണ്ടിനെ സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ വേണ്ടിയാണെങ്കിൽ പോലും പൊതു ഇടത്തിൽ വിമർശിക്കുക ഒരു കേന്ദ്ര ധനമന്ത്രിയുടെ അന്തസ്സിനു ചേർന്നതല്ല. മോദി സർക്കാരിനും ഉണ്ട് ബോണ്ട്! കടപ്പത്രങ്ങൾ എല്ലാ സർക്കാരും ഇറക്കും. ഉദാഹരണത്തിന് ഇപ്പോഴത്തെ മോദി സർക്കാർതന്നെ ഭക്ഷ്യ സബ്സിഡി നൽകിയ കടം തീർക്കാനായി ബോണ്ട് ഇറക്കിയിട്ടുണ്ട്. ഒരു സർക്കാർ ഇറക്കുന്ന ബോണ്ടിന്റെ ബാധ്യതകൾ തീർക്കുക പലപ്പോഴും പിൻകാലങ്ങളിൽ വരുന്ന സർക്കാരായിരിക്കും. അങ്ങനെയേ കടപ്പത്രങ്ങൾ ഫലപ്രദമാകൂ. പിന്നെ കോർപറേറ്റ് ഫിനാൻസ് പോലല്ല പബ്ലിക് ഫിനാൻസ്. കോർപറേറ്റുകൾ അവരുടെ നീക്കിയിരുപ്പ് മൂലധനത്തിൽനിന്നും കരുതൽ മൂലധനത്തിൽനിന്നും കടത്തിന്റെ തിരിച്ചടവ് നടത്തും. സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പക്ഷേ അതതുവർഷത്തെ പണലഭ്യതയെ അടിസ്ഥാനമാക്കിയാണ്. നിർമല സീതാരാമൻ 70,000 കോടിയിൽ അധികം എണ്ണ ബോണ്ടുകളുടെ പലിശയായി മാത്രം കൊടുത്തുകഴിഞ്ഞു എന്ന് സങ്കടപ്പെടുന്നു. ഇത് സംഗതി ഗുരുതരമാണെന്ന് വരുത്താനുള്ള അവരുടെ തന്ത്രമാണെന്നു പറയേണ്ടി വരും. യുപിഎ സർക്കാരും ഒന്നാം എൻഡിഎ സർക്കാരും കൊടുത്ത പണത്തിനെക്കുറിച്ചും അവർ വേവലാതിപ്പെടേണ്ട കാര്യമില്ല. അതെല്ലാം കൊടുത്തുകഴിഞ്ഞ പണമാണ്. ഈ സർക്കാരിനു ശേഷം വരുന്ന സർക്കാരിന് എണ്ണ ബോണ്ടുകൾ മൂലം വരുന്ന ബാധ്യതയെ ഓർത്തും അവർ സങ്കടപ്പെടേണ്ട. അത് ആ സർക്കാരിന്റെയും അന്നത്തെ ധനമന്ത്രിയുടെയും തലവേദനയാണ്. അത് അവരു നോക്കിക്കൊള്ളും. സീതാരാമന്‌ നിലവിലെ സർക്കാരിന്റെ ബാധ്യതയെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമേയുളളൂ. അതുകൊണ്ടു വർത്തമാനം വർത്തമാനകാലത്തേക്ക് ഒതുക്കുന്നതായിരിക്കും ഉചിതം. അന്ന് ‘അടച്ചെന്നു’ പറഞ്ഞത് നുണയായിരുന്നോ? ഈ സർക്കാരിന്റെ അഞ്ചു വർഷത്തെ കാലാവധിക്കകം കൊടുത്തുതീർക്കേണ്ട പലിശ 48,362 കോടി രൂപയാണ്. മുതലായി കൊടുക്കേണ്ടത് 41,150 കോടിയും. ഇതുവരെ ഈ സർക്കാർ കൊടുത്തിട്ടുള്ളത് രണ്ടു വർഷത്തെ പലിശയായ 19,980 കോടിയാണ്. എന്നിട്ടാണ് 70,000 കോടിയിൽ അധികം പലിശതന്നെ അടച്ചു എന്ന ഡയലോഗ് തട്ടിവിടുന്നത്. തുടക്കം മുതലേ ബിജെപി ഓയിൽ ബോണ്ടിന്റെ കാര്യത്തിൽ വലിയ കള്ളക്കളിയാണു നടത്തുന്നതെന്നും പറയേണ്ടി വരും. സംശയമുണ്ടെങ്കിൽ 2018 സെപ്റ്റംബർ 10ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ട്വീറ്റ് വായിച്ചാൽ മതിയാകും. ‘സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി മൻമോഹൻ സിങ് പെട്രോളിയം വിലയെ കുറിച്ചു പറഞ്ഞതും പ്രവർത്തിച്ചതും എന്താണ്? പണം മരത്തിൽ കായ്ക്കുകയില്ല എന്ന് പറഞ്ഞ അദ്ദേഹം 1.3 ലക്ഷം കോടിയുടെ എണ്ണ ബോണ്ടിന്റെ പണം നൽകാതെയാണ് അധികാരം ഒഴിഞ്ഞത്. ഈ കടം കുഞ്ഞുങ്ങളുടെ ചുമലിൽ എത്തുന്നതിൽ ഞങ്ങൾക്ക് താൽപര്യമില്ലാത്തതുകൊണ്ട് മോദിജി ആ തുകയും അതിന്റെ പലിശയും അടച്ചു തീർത്തു.’ അവർ ആവർത്തിക്കുന്നു: ‘കുഞ്ഞുങ്ങളുടെ ചുമലിൽ ഭാരം വരരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുള്ളതുകൊണ്ട്, മൻമോഹൻ സിങ്ങിന്റെ യുപിഎ സർക്കാർ അടച്ചു തീർക്കാത്തതുകൊണ്ട് ഈ സർക്കാരിനു ബാധ്യതയായി മാറിയ 1.3 ലക്ഷം കോടിയുടെ എണ്ണ ബോണ്ടും അതിന്റെ പലിശയായ 40,000 കോടി രൂപയും മോദി സർക്കാർ അടച്ചു തീർത്തു’. മോദി 2018ൽ ‘അടച്ചു തീർത്ത’ ഓയിൽ ബോണ്ടിനെ കുറിച്ചാണ് 2021ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മന്ത്രിസഭയിലെ ധനമന്ത്രി ബോണ്ടിന്റെ മുതലും പലിശയും അടയ്ക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലെന്നു കരയുന്നത്! സത്യം ട്വീറ്റിൽനിന്ന് വളരെ അകലെയാണ്. 2015ൽ കാലാവധി കഴിഞ്ഞ കടപ്പത്രത്തിന്റെ മുതലായ 3500 കോടിയും രണ്ട് വർഷത്തെ പലിശയും മാത്രം അടച്ചിട്ടാണ് കടമെല്ലാം തീർത്തെന്നു പറയുന്നത്. കടപ്പത്രം പോലുള്ള ഒരു ദീർഘകാല വായ്പ അങ്ങനെ പെട്ടെന്ന് മുതലും പലിശയും കൊടുത്ത്‌ അവസാനിപ്പിക്കാൻ പറ്റില്ല എന്നുപോലും മറന്നായിരുന്നു NationFirst എന്ന ഹാഷ്‌ടാഗോടെ അന്ന് ബിജെപിയുടെ ഈ ട്വീറ്റ്. വാജ്‌പേയിയുടെ കടപ്പത്രം മറന്നോ? യുപിഎ സർക്കാർ ആണ് എണ്ണ ബോണ്ട് ആദ്യമായി ഇറക്കിയതെന്ന ഒരു പ്രതീതിയാണ് ബിജെപി സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ആദ്യമായി ഓയിൽ ബോണ്ട് ഇറക്കിയത് അവസാനത്തെ വാജ്പേയി സർക്കാരാണ്. 2002ൽ 9000 കോടിയുടെ ഓയിൽ ബോണ്ടാണ് അന്ന് ഇറക്കിയത്. അതിന്റെ മുതലും പലിശയും ഭൂരിഭാഗവും കൊടുത്തത് വാജ്പേയിക്കു ശേഷം 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ് ആണ്. ഇപ്പോൾ രാജ്യത്തിന്റെ ധനമന്ത്രിതന്നെ യുപിഎ ആണ്, അതായത് മൻമോഹൻ സിങ് ആണ് എല്ലാം കുഴപ്പമാക്കിയത് എന്ന ക്യാംപെയ്ൻ ഏറ്റെടുത്തിരിക്കുന്നു. കോൺഗ്രസിന് ശക്തിയായി പ്രതികരിക്കാൻ കഴിയില്ല എന്ന ധൈര്യത്തിലാണ് ബിജെപി ഈ കളി കളിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെയും കപിൽ സിബലിന്റെയും കൂട്ടരുടെയും ഇടയിൽ പെട്ടുപോയ കോൺഗ്രസിൽ ആർക്കാണ് ഇതിനൊക്കെ നേരം? എണ്ണവിലയിൽ കള്ളം പറയുക മാത്രമല്ല, ജനങ്ങളെ ചതിക്കുകയും കൂടിയാണ് ബിജെപി ചെയ്തിരിക്കുന്നത്. സബ്സിഡി സമ്പ്രദായം സർക്കാരിനും എണ്ണക്കമ്പനികൾക്കും വലിയ ഭാരമാണെന്നു കണ്ടപ്പോൾ മൻമോഹൻ സിങ് 2010ൽ സബ്സിഡി എടുത്തുകളഞ്ഞ് ക്രൂഡ് ഓയിലിന്റെ വിലയുമായി പെട്രോളിന്റെ ചില്ലറ വിലയെ ബന്ധിപ്പിച്ചു. ഈ സമ്പ്രദായം അനുസരിച്ചു ക്രൂഡിന്റെ വില കൂടുമ്പോൾ പെട്രോളിന്റെ വില കൂടും, ക്രൂഡിന്റെ വില കുറയുമ്പോൾ പെട്രോളിന്റെ വില കുറയും. ഇതു പൊതുവെ ജനങ്ങൾ സ്വാഗതം ചെയ്തു. ഇതിന്റെ വിജയം കണ്ട് മോദി 2014ൽ ഡീസലിന്റെ വിലയും ക്രൂഡ് ഓയിലിന്റെ വിലയുമായി ബന്ധിപ്പിച്ചു. 2013ൽ മൻമോഹൻ സിങ് സർക്കാരാണ് പാചക വാതകത്തിന്റെ സബ്സിഡി ഉപഭോക്താക്കൾക്കു നേരിട്ട് നൽകുന്ന സമ്പ്രദായം നടപ്പാക്കിയത്. ഒന്നാം മോദി സർക്കാരിന്റെ ഏതാണ്ട് അവസാന കാലം വരെ ഇത് ഒരു വിധം വ്യവസ്ഥയോടെ, വൃത്തിയായി കൊണ്ടുപോയി. ശുചിമുറി, സൗജന്യ പാചകവാതകം തുടങ്ങി മോദിയുടെ സ്വപ്‍ന പദ്ധതിക്കുവേണ്ട ഭീമമായ തുക പെട്രോളിന്റെയും ഡീസലിന്റെയും മേൽ കൂടുതൽ ചുങ്കം ചുമത്തിയും പാചകവാതക സബ്സിഡി നിഷേധിച്ചും കണ്ടെത്താമെന്നു തിരിച്ചറിഞ്ഞതോടെ ഇവയുടെ വില സംബന്ധിച്ച് രാജ്യം ജനങ്ങൾക്കു നൽകിയ ഉറപ്പിനു യാതൊരു വിലയുമില്ലാതായി. രാജ്യം നൽകിയ ഉറപ്പ് കാറ്റിൽ പറത്തിക്കൊണ്ട് മോദി ഇവയുടെ വില യാതൊരു വ്യവസ്ഥയും ഇല്ലാതെ കൂട്ടിക്കൊണ്ടിരിക്കുന്നു. എണ്ണ ബോണ്ട് വലിയ ചതിയായിപ്പോയെന്നാണല്ലോ നിർമല സീതാരാമന്റെ പരാതി. എന്നാൽ ബോണ്ട് ഇറക്കി കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും കൊടുത്ത ‘മൻമോഹണോമിക്‌സ്’ ആണോ അതോ ലോകെത്തെങ്ങുമില്ലാത്ത വിലയ്ക്ക് ഇവ വിൽക്കുന്ന ‘മോദിണോമിക്‌സ്’ ആണോ രാജ്യത്തിന് ഗുണം ചെയ്തതെന്ന് ഇനി നോക്കാം... എങ്ങനെ വാങ്ങും പെട്രോളും ഡീസലും? ഇന്ത്യൻ സാമ്പത്തിക രംഗം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒബ്സർവർ റിസർച് ഫൗണ്ടേഷന്റെ പഠനമനുസരിച്ച് മോദി സർക്കാർ നിരന്തരം വില കൂട്ടികൊണ്ടിരിക്കുന്നതുകൊണ്ട് കോവിഡിന് മുൻപേതന്നെ ഡീസലിന്റെ ഡിമാൻഡ് കുറയാൻ തുടങ്ങിയിരുന്നു. 2019-20ൽ ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇത് ആ വർഷം ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻനിൽ 0.7 ശതമാനം വീഴ്ചയ്ക്ക് കാരണമായി. ഇത് വ്യവസായവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥയെ വല്ലാതെ ശോഷിപ്പിച്ചു. ഇക്കാലയളവിൽ പെട്രോളിന്റെ ഡിമാൻഡ് 5 ശതമാനം വർധിച്ചെങ്കിലും ഉപഭോഗം കൂടിയത് സമ്പന്ന വിഭാഗത്തിലാണ്. തൊഴിലിന്റെ ഭാഗമായി പെട്രോളിനെ ആശ്രയിക്കുന്ന വർക്കിങ് ക്ലാസിന് വില വർധന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രാജ്യത്തെ പെട്രോളിന്റെ ഉയർന്ന വില കാരണം ലോകത്തു പെട്രോൾ ഉപയോഗിക്കാൻ സാമ്പത്തികമായി കഴിവുള്ള (അഫൊർഡബിലിറ്റി) ജന സമൂഹങ്ങളിൽ വളരെ താഴെയാണ് ഇന്ത്യൻ ജനതയുടെ സ്ഥാനം. 65-78 രൂപയ്ക്ക് പെട്രോൾ കിട്ടുമായിരുന്ന 2017-18ൽ ഇത് ഒരു ഇന്ത്യക്കാരന്റെ ഒരു ദിവസത്തെ ജിഡിപിയുടെ 25 ശതമാനമായിരുന്നു. ബിഹാറിലെ ഒരു സാധാരണക്കാരന്റെ വരുമാനത്തിന്റെ 94% ചെലവാക്കിയാലേ അവന് ഒരു ലീറ്റർ പെട്രോൾ വാങ്ങാൻ കഴിയൂ. തൊട്ടടുത്ത് കിടക്കുന്ന യുപിയിൽ ഇത് 50 ശതമാനമാണ്. ചൈനയിൽ ഇത് നാലു ശതമാനവും വിയറ്റ്നാമിൽ എട്ടു ശതമാനവും പാക്കിസ്ഥാനിൽ 17 ശതമാനവുമാണെന്ന് ഫൗണ്ടേഷൻ അതിന്റെ റിപ്പോർട്ടിൽ പറയുന്നു. സമ്പദ്ഘടനയിൽ വലിയ വളർച്ച ഉണ്ടായെങ്കിൽ മാത്രമേ സാധാരണക്കാരന് ഇന്നത്തെ വിലയ്ക്ക് പെട്രോൾ വാങ്ങാൻ കഴിയൂ. ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചു പെട്രോൾവില വളരെ നിർണായകമാണ് 2019-20ൽ ഇന്ത്യയിൽ വിറ്റ പെട്രോളിന്റെ 81 ശതമാനവും വാങ്ങിയത് അവരാണ്. കോടിക്കണക്കിന് വരുന്ന അവർ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് പണിയിടങ്ങളിൽ പോകാനും സ്വയം തൊഴിൽ സംരംഭങ്ങളുടെ നടത്തിപ്പിനുമാണ്. അതുകൊണ്ടുതന്നെ ഉയർന്ന പെട്രോൾ വില സമ്പദ്ഘടനയുടെ തിരിച്ചുവരവിനെയും വളർച്ചയെയും നിരുത്സാഹപ്പെടുത്തും. ഡീസലിന്റെ വില വർധനയുടെ ഫലമായി വ്യവസായ ഉൽപാദനം കുറഞ്ഞു. അതുമൂലം തൊഴിലവസരങ്ങൾ കുറഞ്ഞു. അത് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെയും മധ്യവർഗത്തിന്റെയും വരുമാനം കുത്തനെ ഇടിച്ചു. ഡീസൽ വില വർധന രാജ്യത്തെ വില വർധനയ്ക്ക് വലിയ ഇന്ധനം പകർന്നു. പെട്രോൾ വിലയിലെ വർധന പണിയെടുക്കുന്നവന്റെയും സ്വയം സംരംഭകരുടെയും വ്യക്തിഗത ചെലവ് കുത്തനെ കൂട്ടി. എണ്ണയുടെ കൂട്ടിയ വില, അതുപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ജനത്തിന് കൊടുക്കാൻ കഴിയുന്നില്ല. മറ്റു സ്രോതസ്സിൽനിന്നു കിട്ടുന്ന പണത്തിൽനിന്നാണ് അത് കൊടുക്കുന്നത്. ഇതെല്ലാം പോരാഞ്ഞിട്ട് പാചകവാതക സബ്സിഡി നിഷേധവും. നരേന്ദ്ര മോദി, അമിത്‌ ഷാ, മൻമോഹൻ സിങ് മൻമോഹൻ സിങ് എണ്ണവില കൂടാതെ നോക്കിയതുകൊണ്ട് രാജ്യത്തു വ്യവസായ-കാർഷിക ഉൽപാദനം കൂടി, തൊഴിലവസരങ്ങൾ വർധിച്ചു, പണപ്പെരുപ്പം കാര്യമായി കൂടിയില്ല, ജനങ്ങളുടെ വരുമാനം കൂടി. എണ്ണവിലയിൽ ഉണ്ടാകുന്ന നേരിയ വർധന അതിന്റെ ഉപയോഗത്തിൽനിന്നു കിട്ടുന്ന വരുമാനത്തിൽനിന്നുതന്നെ കൊടുക്കാൻ ജനത്തിന് കഴിഞ്ഞു. പാചകവാതക സബ്സിഡി കൃത്യമായി കൊടുത്തിരുന്നതുകൊണ്ട്‌ കുടുംബ ബജറ്റ് ജനത്തിന്റെ കയ്യിൽ ഒതുങ്ങി. അതിനാൽ അടുത്ത ദിവസത്തെക്കുറിച്ചുള്ള ആധിയില്ലാതെ ജനത്തിന് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞു. ബിജെപി പറയുന്ന മൻമോഹൻ സിങ്ങിന്റെ ‘ചതിയിൽ’നിന്ന് രാജ്യത്തിന് ലഭിച്ചത് ഇതാണ്. ധനമന്ത്രിയുടെ ‘ചതി’ പ്രയോഗത്തിനു പിന്നിൽ? ഇപ്പോൾ എന്തിനാണ് ഈ ‘ചതി’പ്രയോഗവുമായി ധനമന്ത്രി വന്നത്. അതിനു രണ്ടു കാര്യങ്ങളേ കാണുന്നുള്ളൂ. ഒന്ന് നിർമല സീതാരാമന്റെ ‘ധനകൈകാര്യ വൈഭവം’കൊണ്ട് രാജ്യത്തിന്റെ പണപ്പെട്ടിയിൽ ഓട്ടവീണു കാണും. രണ്ട് നോട്ടുനിരോധനം പോലെ, ചരക്കു സേവന നികുതിയുടെ നടത്തിപ്പുപോലെ, എണ്ണവില കൂട്ടിയുള്ള കളിയും കൈവിട്ടുപോയിരിക്കണം. ആദ്യത്തെ കാരണം ആകാൻ സാധ്യതയില്ല. പണം ഇല്ലാതെ വന്നാൽ ആരോടും ചോദിക്കാതെ കേന്ദ്രത്തിന് എവിടെനിന്നു വേണമെങ്കിലും കടം വാങ്ങാം. അതും ശരിയായില്ലെങ്കിൽ അറ്റകൈ ആയി നോട്ടടിച്ചു പണപ്പെട്ടി നിറയ്ക്കാം. അപ്പോൾ പിന്നെ രണ്ടാമത്തേതാകണം കാരണം. രണ്ടായാലും അത് വച്ചുകൊടുക്കാൻ ഒരു തോളുവേണം. കോൺഗ്രസ് ഇപ്പോൾ തെരുവിൽ കെട്ടിയ ചെണ്ട ആയതുകൊണ്ട് പിന്നെ പ്രയാസപ്പെടേണ്ടി വന്നില്ല. അത്രമാത്രം. എന്തായാലും നോട്ടുനിരോധനവും ചരക്കു-സേവന നികുതിയും എണ്ണവിലയും കോവിഡും ചേർന്ന് രാജ്യത്തിന്റെ സമ്പദ്ഘടനയെ പിന്നിലേക്കാണു നടത്തുന്നതെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. ജനങ്ങളുടെ ആശങ്ക തീർക്കാൻ ഒരു ജനാധിപത്യ സർക്കാരിന് ബാധ്യതയുണ്ട്. 2014ൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ രാജ്യത്തിന്റെ ധനസ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കാതിരുന്നതു മണ്ടത്തരമായി എന്ന് നിർമല സീതാരാമന് അഭിപ്രായമുണ്ട്. അതിനുള്ള സുവർണാവസരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടന കൂടുതൽ മെച്ചമാക്കാൻ രാജ്യം കണ്ട പ്രഗൽഭ ധനമന്ത്രിമാരായിരുന്ന മൻമോഹൻ സിങ്ങിന്റെയും ചിദംബരത്തിന്റെയും യശ്വന്ത് സിൻഹയുടെയും സേവനം തേടാവുന്നതാണ്. അതിനു ഈഗോ കാണിച്ചിട്ട് കാര്യമില്ല. വലിയ ഒരു ശസ്ത്രക്രിയ നടത്തുന്നതിന് മുൻപ് സർജൻ വൈദ്യശാസ്ത്രത്തിലെ മറ്റു വിഭാഗത്തിലെ പ്രഗൽഭരുമായി ചർച്ചകൾ നടത്താറില്ലേ. മറിച്ച്, സർജൻ അയാളുടെ ഈഗോ മുറുകെപ്പിടിച്ചു മറ്റുള്ളവരുമായി ചർച്ചകൾ നടത്താതിരുന്നാൽ രോഗിയുടെ മരണമാകും ഫലം. സർജന്റെ ഈഗോ അല്ല, രോഗിയുടെ ജീവനാണ് വലുത്. അതുതന്നെയാണ് ഇവിടെയും പ്രസക്തം.

HomeNews1.3 ലക്ഷം കോടിയുടെ കടം ബിജെപി ‘അടച്ചത്’ നിർമല അറിഞ്ഞില്ലേ? ചതിച്ചോ എണ്ണ ബോണ്ട്?