14-ാം നൂറ്റാണ്ടിലെ ആ 'കറുത്ത മരണം' വീണ്ടും വരുന്നോ? ചൈനയില്‍ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു
അന്തർദേശീയം

14-ാം നൂറ്റാണ്ടിലെ ആ 'കറുത്ത മരണം' വീണ്ടും വരുന്നോ? ചൈനയില്‍ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു

📍 Mukkam, Kozhikode6 Jul 2020

ബീജിങ്: ലോകം മുഴുവൻ പടർന്ന കോവിഡ് 19-ന് കാരണമായ വൈറസ് ഉത്ഭവിച്ച ചൈനയിൽ പ്ലേഗ് റിപ്പോർട്ട് ചെയ്യപ്പെട്ടു. 14-ാം നൂറ്റാണ്ടിൽ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. ചൈനയിലെ സ്വയംഭരണപ്രദേശമായ ഇന്നർ മംഗോളിയയിലെ ബായന്നൂർ സിറ്റിയിലെ ആശുപത്രിയിലാണ് പ്ലേഗ് സംശയിക്കുന്ന രോഗികളുള്ളത്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ കേസ് കഴിഞ്ഞ ശനിയാഴ്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 15 വയസുകാരനിലാണ്. നായയെ ഉപയോഗിച്ച് വേട്ടയാടി പിടിച്ച വന്യജീവിയെ ഇയാൾ കഴിച്ചിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. രോഗം സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് ലെവൽ മൂന്ന് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രകാരം വന്യമൃഗങ്ങളെ വേട്ടയാടുന്നതും അവയെ ഭക്ഷണമായി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അത് അധികൃതരെ അറിയിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്. നിയന്ത്രണങ്ങൾ ഈ വർഷം അവസാനം വരെ ഉണ്ടാകുമെന്നാണ് വിവരം. മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളുകളിൽനിന്നാണ് ബ്യുബോണിക് പ്ലേഗ് പടരുന്നത്. കൃത്യമായി പാകം ചെയ്യാത്ത രോഗബാധയുള്ള ജീവിയുടെ മാസം കഴിക്കുന്നവരിലും രോഗം വരാം. യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കോശവ്യവസ്ഥയെ ആണ് ബാക്ടീരിയ ആക്രമിക്കുന്നത്. നിലവിൽ ഇതിന് വാക്സിനുകൾ ലഭ്യമല്ല. എന്നാൽ സ്റ്റെപ്റ്റോമൈസിൻ, ജെന്റാമൈസിൻ, ഡോക്സിസൈക്ലിൻ എന്നീ ആന്റിബയോട്ടിക്കുകൾ രോഗം ബാധിച്ചവരിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ 30 മുതൽ 90 ശതമാനം വരെ ആളുകൾ മരിക്കാൻ കാരണമാകും. ചികിത്സ ലഭ്യമാക്കിയാൽ മരണ നിരക്ക് 10 ശതമാനമായി കുറയ്ക്കാനാകും. എന്നാൽ രോഗം ബാധിച്ച് ചികിത്സിക്കപ്പെട്ടില്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. 14-ാം നൂറ്റാണ്ടിൽ ഉണ്ടായ രേഖപ്പെടുത്തപ്പെട്ടവയിൽ വെച്ചേറ്റവും ഭീകരമായ മഹാമാരിയായ കറുത്ത മരണം ഈ പ്ലേഗ് ബാധയെ തുടർന്നാണ് പടർന്ന് പിടിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലായി അഞ്ച് കോടിയോളം ആളുകൾ പ്ലേഗ് ബാധമൂലം അന്ന് മരിച്ചു. 19-ാം നൂറ്റാണ്ടിൽ ഈ രോഗം മടങ്ങിവന്നു. ചൈനയിലും ഇന്ത്യയിലുമായി 1.2 കോടി ആളുകൾ പ്ലേഗ് ബാധിച്ച് മരിച്ചു. നിലവിൽ പല രാജ്യങ്ങളിലും പ്ലേഗ് പല കാലങ്ങളിൽ തലപൊക്കിയിട്ടുണ്ട്. 2017-ൽ മഡഗാസ്കറിൽ 300 പേരിൽ രോഗം ബാധിച്ചു. അതിൽ 30 പേർ മരിച്ചു. 2019-ൽ ഇന്നർ മംഗോളിയയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഉത്തര- മധ്യ ഏഷ്യയിൽ കാണപ്പെടുന്ന മാർമത്ത് എന്ന അണ്ണാൻ വിഭാഗത്തിൽ പെടുന്ന ജീവിയുടെ മാംസം കഴിച്ചവരിലാണ് രോഗം ബാധിച്ചത്. അന്ന് രോഗം ബാധിച്ച രണ്ടുപേരും മരിച്ചിരുന്നു. ഇതേ ജീവിയുടെ മാംസം കഴിച്ചവരിലാണ് ഇപ്പോൾ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകം കോവിഡ് വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുകയും വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈന അതിന്റെ രണ്ടാം തരംഗത്തിനെ തടഞ്ഞുനിർത്താൻ പരിശ്രമിക്കുകയുംസ ചെയ്യുന്ന സാഹചര്യത്തിലാണ് പ്ലേഗ് പോലെ ഗുരുതരമായ രോഗം തല പൊക്കിയിരിക്കുന്നതെന്നതാണ് ആശങ്കപ്പെടുത്തുന്നത്.

HomeNews14-ാം നൂറ്റാണ്ടിലെ ആ 'കറുത്ത മരണം' വീണ്ടും വരുന്നോ? ചൈനയില്‍ ബ്യുബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു