24 മണിക്കൂറിനിടെ 11458 പേര്‍ക്ക് രോഗം, 386 മരണം; അതിവേഗം രോഗംപടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ മാത്രം 11458 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 386 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 308993 ആയി. ഇതാദ്യമായിട്ടാണ് ഇന്ത്യയിൽ പുതിയ രോഗികളുടെ എണ്ണം പതിനൊന്നായിരത്തിന് മുകളിൽ കടക്കുന്നത്. വെള്ളിയാഴ്ച ആദ്യമായി പതിനായിരത്തിന് മുകളിലെത്തി തൊട്ടടുത്ത ദിവസം തന്നെയാണ് പുതിയ രോഗബാധിതരുടെ നിരക്ക് പതിനൊന്നായിരത്തിന് മുകളിലെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിവേഗത്തിലാണ് രാജ്യത്ത് കോവിഡ് വ്യാപിച്ചുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയിൽ എഴുപതിനായിരത്തിന് മുകളിൽ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ബ്രസീലിനും യുഎസിനും പിന്നിലായി രോഗം അതിവേഗം വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതേ സമയം ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച രാജ്യങ്ങളിൽ നിലവിൽ നാലാമതാണ് ഇന്ത്യ. 1,45,779 പേർ നിലവിൽ രാജ്യത്ത് ചികിത്സയിലുണ്ട്. 1,54,330 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിൽ വൈറസ്ബാധിച്ചവരുടെ എണ്ണം 1,01,141 ആയിട്ടുണ്ട്. 3717 മരണവും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗുജറാത്തിൽ 22527 പേർക്ക് രോഗവും 1415 മരണവുമുണ്ടായി. ഡൽഹിയിൽ 36824 പേർക്കാണ് വൈറസ് ബാധിച്ചത്. 1214 പേർ മരിച്ചു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 40698 ആയി. 367 മരണവും റിപ്പോർട്ട് ചെയ്തു.
Home › News › 24 മണിക്കൂറിനിടെ 11458 പേര്‍ക്ക് രോഗം, 386 മരണം; അതിവേഗം രോഗംപടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ
